തൃശ്ശൂര്‍: സംസ്ഥാനത്ത് 1632 പേര്‍ അധ്യാപകനിയമന ഉത്തരവുമായി കാത്തുനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ക്ലബ്ബ് ചെയ്ത് അധ്യാപകക്ഷാമം മറികടക്കുന്നു. എല്‍.പി., യു.പി. മേഖലയിലാണിത്. ചില ഉപജില്ലാ ഓഫീസര്‍മാര്‍ ഇങ്ങനെ ഉത്തരവിറക്കിയിട്ടുണ്ട്. മറ്റിടങ്ങളില്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ അധ്യാപകക്ഷാമം പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞെങ്കിലും നടപടി തുടങ്ങിയിട്ടില്ല. നിലവില്‍ അധ്യാപകരുള്ള സ്‌കൂളുകളിലുള്ളവര്‍ സമീപത്തെ ക്ഷാമമുള്ള സ്‌കൂളുകളില്‍ കൂടി ഓണ്‍ലൈന്‍ ക്ലാസെടുക്കണമെന്നാണ് പുതിയ ഉത്തരവ്.

ക്ഷാമമുള്ള സ്‌കൂളുകളില്‍ത്തന്നെ നിയമനോത്തരവ് കിട്ടി, ജോലിയില്‍ പ്രവേശിക്കാതെ നില്‍ക്കുന്നവരുള്ളപ്പോഴാണിത്. കോവിഡ് തുടങ്ങുന്നതിനുമുമ്പ് നിയമനോത്തരവ് കിട്ടിയ 145 പേര്‍ കൊല്ലം ജില്ലയിലുണ്ട്. സംസ്ഥാനത്ത് 1487 പേര്‍ കഴിഞ്ഞ വര്‍ഷം കോവിഡ് തുടങ്ങിയശേഷം നിയമനോത്തരവ് കിട്ടിയവരാണ്. ഇതില്‍ നാലുപേര്‍ ജോലിയില്‍ പ്രവേശിക്കാനാവാതെ മരിച്ചിട്ടുമുണ്ട്.

സ്‌കൂള്‍ തുറന്ന് ആറാം പ്രവൃത്തിദിനത്തിലെ കണക്കുപ്രകാരമാണ് അധ്യാപകരെ നിയമിക്കേണ്ടതെന്നാണ് കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ (കെ.ഇ.ആര്‍.) പറയുന്നത്. കണക്കെടുപ്പ് നടക്കാത്തതിനാലാണ് അധ്യാപകര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാവാത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രത്യേകസാഹചര്യം ചൂണ്ടിക്കാട്ടി കെ.ഇ.ആറില്‍ ഇളവ് വരുത്തി നിയമനം നല്‍കാന്‍ സര്‍ക്കാരിനാവും.

ഇളവ് വരുത്തിയാല്‍ അത് എയ്ഡഡ് മേഖലയ്ക്കും ബാധകമാവുമെന്നതാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ആയിരത്തോളം അധ്യാപകര്‍ എയ്ഡഡ് മേഖലയിലും നിയമനം കാത്തുനില്‍ക്കുന്നുണ്ട്. ഇവര്‍ക്കും നിയമനം നല്‍കിയാല്‍ അത് വലിയ സാമ്പത്തികബാധ്യതയിലേക്ക് നീങ്ങുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

വിക്ടേഴ്‌സ് ചാനലിലെ ക്ലാസിനൊപ്പം സ്‌കൂള്‍തല ക്ലാസുകളും വേണ്ടിവരുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അധ്യാപകരില്ലാതെ എങ്ങനെ പൂര്‍ണവിജയത്തിലെത്തുമെന്ന ആശങ്കയുണ്ട്.

ഒരു ഉപജില്ലയില്‍ ശരാശരി 30 അധ്യാപകരുടെ ഒഴിവുകളാണ് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലുള്ളത്. സംസ്ഥാനത്ത് 156 ഉപജില്ലകളാണുള്ളത്. ഹൈസ്‌കൂളുകളില്‍ 856, ഹയര്‍ സെക്കന്‍ഡറിയില്‍ 1236 എന്നിങ്ങനെയാണ് നിലവിലുള്ള അധ്യാപക ഒഴിവുകള്‍.

Content Highlights: School clubbing to meet teacher shortages while appointment order exist