ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷ നവംബര്‍ 22-ന് നടക്കും. പരീക്ഷയെഴുതാന്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് ibpsonline.ibps.in എന്ന വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. രജിസ്റ്റര്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ചാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. 

2019 ഡിസംബറിലാണ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് ആര്‍.ബി.ഐ വിജ്ഞാപനമിറക്കിയത്. 926 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 200 മാര്‍ക്കിന്റെ പരീക്ഷയില്‍ റീസണിങ്, ഇംഗ്ലീഷ്, ഗണിതം, പൊതുവിജ്ഞാനം, കംപ്യൂട്ടര്‍ എന്നീ മേഖലകളില്‍ നിന്നാകും ചോദ്യങ്ങള്‍. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടക്കുക. അത് സംബന്ധിച്ച് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ വായിച്ച് മനസ്സിലാക്കി വേണം പരീക്ഷയ്‌ക്കെത്താന്‍. 

Content Highlights: RBI Assistant exam on november 22 admit card published