അനിശ്ചിതമായി നീളുന്ന റെയില്‍വേ എന്‍.ടി.പി.സി പരീക്ഷയ്ക്ക് വീണ്ടും വിലങ്ങുതടിയായി കോവിഡ് വ്യാപനം. പരീക്ഷ നടത്താന്‍ പുറത്തുനിന്ന് ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള താമസമാണ് ആര്‍ആര്‍ബിക്ക് തലവേദനയായിരിക്കുന്നത്. പരീക്ഷാ ഏജന്‍സിയെ നിശ്ചയിക്കാന്‍ മാര്‍ച്ച് രണ്ടിന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നടപടികള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. മാര്‍ച്ച് 24-ന് നിശ്ചയിച്ച പ്രീ-ബിഡ് കോണ്‍ഫറന്‍സ് ഏപ്രില്‍ 7 ലേക്ക് നീട്ടി. മുന്‍പ് തീരുമാനിച്ചത് ഏപ്രില്‍ 16 നായിരുന്നു. ഇത് ഏപ്രില്‍ 30-ലേക്ക് മാറ്റിവച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിയില്‍ ഇനിയും തീയതി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്..
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, രേഖാപരിശോധന തുടങ്ങിയ ജോലികള്‍ ഏറ്റെടുക്കാന്‍ താല്പര്യമുള്ളവരില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്. നടപടികള്‍ പൂര്‍ത്തിയാക്കി ഏജന്‍സി നിശ്ചയിച്ച പരീക്ഷ നടത്താന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ നടത്തുന്നതിന് പൊതുവില്‍ കോളേജ് ലാബുകളെയും ചുരുക്കം സ്വകാര്യ സ്ഥാപനങ്ങളെയുമാണ് ഏജന്‍സികള്‍ ആശ്രയിക്കുന്നത്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അടുത്ത മാസങ്ങളില്‍ തന്നെ ഈ പരീക്ഷകള്‍ നടത്തേണ്ടിവരും. ഇത് എന്‍ടിപിസി പരീക്ഷ നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ലഭിക്കുന്നതിനെയും ബാധിച്ചേക്കാം.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 28-നാണ് റെയില്‍വേയിലെ നോണ്‍ ടെക്‌നിക്കല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്‌സ് ഗാര്‍ഡ്, സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങിയ തസ്തികകളിലായി 35,277 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബിരുദ യോഗ്യതയുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ജൂണിനും സെപ്റ്റംബറിനും ഇടയില്‍ പ്രാഥമിക പരീക്ഷ നടത്തുമെന്നായിരുന്നു വിജ്ഞാപനം. എന്നാല്‍ ഇത് നീട്ടിവെച്ചതായി അറിയിച്ചുകൊണ്ട് ഒക്ടോബറില്‍ ആര്‍ആര്‍ബി വെബ്‌സൈറ്റുകളില്‍ അറിയിപ്പു വന്നതൊഴിച്ചാല്‍ പരീക്ഷ സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. പരീക്ഷാ നടത്തിപ്പ് പുറമേയുള്ള ഏജന്‍സികളെ ഏല്പിക്കാനുള്ള ആര്‍ആര്‍ബിയുടെ തീരുമാനമാണ് വൈകലിന് കാരണമായത്.
Content Highlights: Railway NTPC Exam will further delay amid coronavirus threat