കോഴിക്കോട്: നീട്ടിയ കാലാവധിയില്‍ പകുതി കഴിഞ്ഞിട്ടും നിയമനം ലഭിക്കാതെ ഉദ്യോഗാര്‍ഥികള്‍. ഇക്കൊല്ലം ഫെബ്രുവരി അഞ്ചുമുതല്‍ ഓഗസ്റ്റ് മൂന്നുവരെയുള്ള കാലയളവില്‍ കാലാവധി തീരുന്ന റാങ്ക് പട്ടികകള്‍ ഓഗസ്റ്റ് നാലുവരെ നീട്ടാനാണ് ഫെബ്രുവരി നാലിന് പി.എസ്.സി. യോഗം തീരുമാനിച്ചത്.

കേരള കാര്‍ഷികസര്‍വകലാശാല ഉള്‍പ്പെടെയുള്ള മറ്റുചില സ്ഥാപനങ്ങളിലെ റാങ്ക് പട്ടികകളും നീട്ടിയിരുന്നു. ഇവയില്‍പ്പെട്ടവരാണ് നിയമനനടപടികള്‍ നീളുന്നതിനാല്‍ പ്രതിസന്ധിയിലായത്.

ഫെബ്രുവരിയില്‍ കാലാവധി കഴിയുന്ന പട്ടികകളുടെ കാര്യത്തില്‍ പകുതി സമയം കഴിഞ്ഞിട്ടും മിക്കവര്‍ക്കും നിയമനം ലഭിച്ചിട്ടില്ല. പി.എസ്.സി.യുടെ 493 പട്ടികകളുടെ കാലാവധിയാണ് നീട്ടിയത്. വിവിധ വകുപ്പുകളിലേക്കായി 14 ജില്ലകളിലുമായി പ്രസിദ്ധീകരിച്ച എല്‍.ഡി.സി., ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.വി. ഡ്രൈവര്‍, ആരോഗ്യവകുപ്പിലേക്കായി 14 ജില്ലകളിലേക്കുമുള്ള സ്റ്റാഫ് നഴ്സ്, വനംവകുപ്പിലേക്കുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, സിവില്‍ സപ്ലൈസ് വകുപ്പിലെ സെയില്‍സ് അസിസ്റ്റന്റ് തുടങ്ങിയവയൊക്കെ കാലാവധി നീട്ടിയ പട്ടികകളില്‍ പെടും.

കാലാവധി നീട്ടാന്‍ തീരുമാനിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതടക്കമുള്ള നടപടികള്‍ നിലച്ചു. പെരുമാറ്റച്ചട്ടത്തിന്റെ പേരിലാണ് വിവിധവകുപ്പുകള്‍ ഒഴിവുകള്‍ അറിയിക്കാതിരിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ വരുകയും ഓഫീസുകളില്‍ ജീവനക്കാര്‍ പകുതിയായി കുറയുകയും ചെയ്തു. അതും ഒഴിവുകള്‍ അറിയിക്കുന്നതിന് തടസ്സമായി.

അഡൈ്വസ് മെമ്മോ അയക്കുന്നുണ്ട്

ഒഴിവുകള്‍ പി.എസ്.സി.യെ അറിയിക്കുന്നതനുസരിച്ച് നിയമനോപദേശം അയക്കുന്നുണ്ട്. നിയമനം നടത്തേണ്ടത് അതതു വകുപ്പുകളാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമോ കോവിഡ് നിയന്ത്രണങ്ങളോ അഡൈ്വസ് മെമ്മോ അയക്കുന്ന നടപടിയെ ബാധിച്ചിട്ടില്ല.

-പി.എസ്.സി. ചെയര്‍മാന്റെ ഓഫീസ്

Content Highlights: PSC Ranklist Extended period is about to end, no appointments made till now