കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റിന്റെ രണ്ട് റാങ്ക് ലിസ്റ്റിലും ഒന്നാംറാങ്ക് തൃശ്ശൂര്‍ മേലൂര്‍ സ്വദേശിനി റിയ ജോസിന്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള വിവിധ കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷനുകളിലേക്കായി രണ്ട് കാറ്റഗറി നമ്പറുകളില്‍ നടത്തിയ പൊതു പരീക്ഷയില്‍ രണ്ട് റാങ്ക് ലിസ്റ്റാണ് പി.എസ്.സി. പ്രസിദ്ധീകരിച്ചത്. രണ്ട് പട്ടികയിലും കൂടുതലും ഒരേ ഉദ്യോഗാര്‍ഥികളാണ് ഇടം നേടിയത്. ഒന്നാം റാങ്കും ഒരേ ആള്‍ക്കായി. പി.എസ്.സി. പരീക്ഷയിലെ ആദ്യ ഒന്നാം റാങ്ക് നേട്ടം ഇതോടെ റിയയ്ക്ക് ഇരട്ടി മധുരമായി. മറ്റ് രണ്ട് തസ്തികകളുടെ പൊതുപരീക്ഷകൂടിയായതിനാല്‍ ഇപ്പോഴത്തെ റാങ്ക്പട്ടികയില്‍ മാര്‍ക്ക് പ്രസിദ്ധീകരിച്ചിട്ടില്ല. 85നും 90നുമിടയില്‍ മാര്‍ക്കുണ്ടാകുമെന്നാണ് റിയയുടെ വിലയിരുത്തല്‍.
നേരത്തെ പി.എസ്.സിയുടെ എല്‍.ഡി. ക്ലാര്‍ക്ക്, സിവില്‍ സപ്ലൈസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷകളില്‍ റിയ മികച്ച റാങ്ക് നേടിയിരുന്നു. തൃപ്രയാര്‍ ശ്രീരാമ ഗവ. പോളിടെക്‌നിക് കോളേജില്‍ എല്‍.ഡി. ക്ലാര്‍ക്കാണിപ്പോള്‍. സിവില്‍ സപ്ലൈസില്‍ ജോലി ലഭിച്ചെങ്കിലും വിട്ടുനിന്ന് പി.എസ്.സി. പരീക്ഷയ്ക്ക് പരിശീലിക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 121-ാം റാങ്കാണ്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് നിയമനശുപാര്‍ശ കിട്ടുമ്പോള്‍ അതില്‍ ചേരാനാണ് റിയയുടെ തീരുമാനം.
ഇരിങ്ങാലക്കുട ക്രൈസ്റ്റില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം എം.എസ്സിക്ക് ആലുവ യു.സി കോളേജിലാണ് പഠിച്ചത്. ഇടയ്ക്ക് ചാലക്കുടിയിലും കൊടകരയിലുമായി ചില പരിശീലന സ്ഥാപനങ്ങളിലും പോയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ എല്‍.ഡി.ക്ലാര്‍ക്കായിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
മാതൃഭൂമി 'തൊഴില്‍വാര്‍ത്ത'യുടെ മാതൃകാ പരീക്ഷകള്‍ ശ്രദ്ധയോടെ പരിശീലിച്ചതായി റിയ പറഞ്ഞു. ഇത് പരീക്ഷകളെ അഭിമുഖീകരിക്കാന്‍ ഏറെ ആത്മവിശ്വാസം നല്‍കി. തൃശ്ശൂര്‍ മേലൂര്‍ ഉപ്പന്‍ ജോസിന്റെയും ആനിയുടെയും മകളാണ്. കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ അധ്യാപകനായ പുതുശ്ശേരി ജോസഫാണ് ഭര്‍ത്താവ്. അനുജന്‍ അജയ് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.
Content Highlights: Kerala PSC, Company/ corporation assistant exam, Company/ corporation assistant rank list