കോഴിക്കോട്: സംസ്ഥാനത്തിനു പുറത്ത് മെഡിസിൻ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് പരിശോധനയുടെ പേരിൽ പി.എസ്.സി. നിയമനത്തിന് അവസരം നഷ്ടമാകുന്നു. പി.എസ്.സി.യുടെ സർട്ടിഫിക്കറ്റ് പരിശോധനാവേളയിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ കഴിയാത്തതിനാലാണിത്.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന അസിസ്റ്റന്റ് സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയെഴുതിയവരാണ് പ്രയാസത്തിലായത്. മെഡിക്കൽ ബിരുദമാണ് അടിസ്ഥാനയോഗ്യത.

ആന്ധ്രയിലും തമിഴ്നാട്ടിലും കർണാടകത്തിലും രാജസ്ഥാനിലും മറ്റുമുള്ള കോളേജുകൾ പഠനകാലാവധി കഴിയാതെ സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകാത്തതാണ് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായത്. സർട്ടിഫിക്കറ്റുകൾ കോളേജിലുണ്ടെന്നും അത് ഈ ഘട്ടത്തിൽ വിദ്യാർഥിക്ക് തിരിച്ചുനൽകാനാവില്ലെന്നും വ്യക്തമാക്കി കോളേജ് മേധാവി നൽകുന്ന സർട്ടിഫിക്കറ്റ് പി.എസ്.സി.ക്ക് സ്വീകാര്യമല്ല.

തങ്ങളുടേതല്ലാത്ത കുറ്റത്തിന് അവസരം നഷ്ടപ്പെട്ടതിന്റെ പ്രയാസത്തിലാണ് ഉദ്യോഗാർഥികൾ. മെഡിക്കൽ അഖിലേന്ത്യാ റാങ്ക്പട്ടികയിൽ ഇടംനേടി ഇതരസംസ്ഥാനങ്ങളിൽ ബിരുദാനന്തരബിരുദത്തിന് പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് കേരളത്തിൽ നിയമനത്തിനുള്ള അവസരം നഷ്ടമാകുന്നത്.

2023-ൽ മാത്രമേ കോഴ്സ് പൂർത്തിയാകൂ. അതുകഴിഞ്ഞേ കോളേജുകളിലുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ചുകിട്ടൂ. തമിഴ്നാട്ടിലെയും കർണാടകത്തിലെയും രാജസ്ഥാനിലെയും ചില കോളേജുകൾ അഞ്ചുലക്ഷം, പത്തുലക്ഷം രൂപ വീതമുള്ള ബോണ്ടുകളുടെ അടിസ്ഥാനത്തിൽ കോഴ്സിനിടയിൽ സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്ക് തിരിച്ചുനൽകുന്നുണ്ട്.

എന്നാൽ, ആന്ധ്രയിൽ ഇതും അനുവദിച്ചിട്ടില്ല. പകരം, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കോളേജിലോ സർവകലാശാലയിലോ ആണെന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള പ്രിൻസിപ്പലിന്റെ കത്താണ് നൽകുന്നത്. ഒറിജിനൽ സർട്ടിഫിക്കറ്റിനു പകരം ഇത് അംഗീകരിക്കാൻ നിർവാഹമില്ലെന്നാണ് പി.എസ്.സി.യുടെ നിലപാട്. ബോണ്ട് നൽകിയ ചില വിദ്യാർഥികൾക്ക് മുഴുവൻ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത പ്രശ്നവുമുണ്ടായി.

സർട്ടിഫിക്കറ്റുകൾ കോളേജ് ഉദ്യോഗസ്ഥർ മുഖേനെ ഹാജരാക്കാം

സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഒറിജിനൽതന്നെ വേണമെന്നതാണ് പി.എസ്.സി.യുടെ വ്യവസ്ഥ. ഉന്നതപഠനം നടത്തുന്നവർക്ക് ഇത് ഹാജരാക്കാൻ പറ്റാത്ത സാഹചര്യത്തിൽ കോളേജ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ കൈയിൽ കൊടുത്തുവിടാം. ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഉദ്യോഗാർഥികൾ അയോഗ്യരാകും. സർട്ടിഫിക്കറ്റിനുപകരം പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം സ്വീകരിക്കാനാവില്ല. - പി.എസ്.സി. ചെയർമാന്റെ ഓഫീസ്

Content Highlights: PSC Certificate verification, Colleges are not willing to give then to medical graduates