തിരുവനന്തപുരം: എൽ.പി., യു.പി. അധ്യാപകനിയമനത്തിനുള്ള പരീക്ഷയിൽ മലയാളഭാഷാചോദ്യങ്ങൾ ഉൾപ്പെടുത്തണമെന്ന് പി.എസ്.സി.യോട് സർക്കാർ നിർദേശിച്ചു. ഉദ്യോഗസ്ഥ-ഭരണ പരിഷ്കാരവകുപ്പാണ് ഇതിനുള്ള കത്ത് പി.എസ്.സി. സെക്രട്ടറിക്ക് നൽകിയത്. ഉദ്യോഗാർഥിയുടെ മലയാളത്തിലെ അഭിരുചി പരിശോധിക്കുന്നതിന് 20 മാർക്കിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തണമെന്നാണ് ശുപാർശയിൽ ആവശ്യപ്പെട്ടത്. കമ്മിഷൻ യോഗം ചർച്ചചെയ്ത് തീരുമാനമെടുക്കും. ഇനിയുള്ള പരീക്ഷകൾക്ക് നടപ്പാക്കും.

അധ്യാപകനിയമനത്തിന് കഴിഞ്ഞവർഷം നടത്തിയ പരീക്ഷയിൽ മലയാള ഭാഷാചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ എഡിറ്റോറിയലും എഴുതി. സാംസ്കാരികനായകരെ അണിനിരത്തി ഐക്യമലയാളപ്രസ്ഥാനം ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിച്ചു. 34,237 പേർ ഒപ്പിട്ട ഹർജി സർക്കാരിന് സമർപ്പിച്ചു. വിഷയം സർക്കാരിന്റെ പരിഗണനയിലിരിക്കുമ്പോൾത്തന്നെ മലയാളഭാഷാ ചോദ്യങ്ങളില്ലാതെ പി.എസ്.സി. പരീക്ഷ നടത്തി. ഫലം പ്രസിദ്ധീകരിക്കാനിരിക്കേയാണ് സർക്കാരിന്റെ നിർദേശം.

സമരം വിജയിച്ചു

മലയാളത്തിനായുള്ള കേരളസമൂഹത്തിന്റെ ഒരു സമരംകൂടി വിജയംനേടി. മുഖ്യമന്ത്രിക്കുസമർപ്പിച്ച ഹർജി സെക്രട്ടേറിയറ്റിൽ പിടിച്ചുവെച്ച് പത്തുമാസം കഴിഞ്ഞാണ് അദ്ദേഹത്തിനുമുന്നിലെത്തിച്ചത്. ഭാഷാസ്നേഹികൾക്ക് ഊർജംപകരുന്ന വിജയമാണിത്.

ആർ. നന്ദകുമാർ, കൺവീനർ, ഐക്യമലയാള പ്രസ്ഥാനം

Content Highlights: Primary Teachers exam, Kerala Government urges PSC to include Malayalam language in Question paper