ന്യൂഡല്‍ഹി: അസിസ്റ്റന്റ് പ്രൊഫസര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് പിഎച്ച്.ഡി. മിനിമം യോഗ്യതയായി പരിഗണിക്കാനുള്ള തീരുമാനം ഈ വര്‍ഷം നടപ്പാക്കില്ല. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് ഈ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍  സര്‍വകലാശാലകള്‍ക്ക് യു.ജി.സി. നല്‍കിയിട്ടുണ്ട്.

അധ്യാപക, അനധ്യാപക ജീവനക്കാര്‍ ഉള്‍പ്പെടെ ഏകദേശം 10,000 തസ്തികകള്‍ കേന്ദ്ര സര്‍വകലാശാലകളില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവ ഉടന്‍ നികത്താന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. 

''അസിസ്റ്റന്റ് പ്രൊഫസര്‍ റിക്രൂട്ട്‌മെന്റിനായി പിഎച്ച്.ഡി. വേണമെന്ന നിബന്ധനം മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ തസ്തികയില്‍ പിഎച്ച്.ഡി. ഇപ്പോള്‍ നിര്‍ബന്ധമല്ല, എന്നാല്‍ പിഎച്ച്.ഡി. നിര്‍ബന്ധമാക്കണമെന്നുള്ള തിരുമാനം റദ്ദാക്കിയിട്ടില്ല'' - കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു

കോവിഡ് 19 മൂലം നിരവധി പേര്‍ക്ക് തങ്ങളുടെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. നിരവധി ഗവേഷണ വിദ്യാര്‍ത്ഥികള്‍ പിഎച്ച്.ഡി. നിര്‍ബന്ധമാക്കിയ തിരുമാനം മാറ്റിവയ്ക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിരുന്നതായിഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

Content Highlights: PhD Minimum Qualification For Assistant Professor Recruitment Put On Hold