തിരുവനന്തപുരം: കോവിഡ് ഭീതിക്കിടയിലും പി.എസ്.സി. പരീക്ഷയെഴുതാന്‍ ഞായറാഴ്ച രണ്ടരലക്ഷം പേര്‍ എത്തി. പ്ലസ്ടുതല പ്രാഥമികപരീക്ഷയാണ് പി.എസ്.സി. നടത്തിയത്. കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളൊരുക്കിയിരുന്നു.

ഭൂരിഭാഗംപേരും പരീക്ഷയ്‌ക്കെത്തിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചാണ് പരീക്ഷാര്‍ഥികളെ ഹാളിനുള്ളില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേകസൗകര്യമൊരുക്കിയിരുന്നു.

ശരാശരിയില്‍ കവിഞ്ഞ നിലവാരമുള്ള പരീക്ഷയായിരുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. പാഠ്യപദ്ധതിക്കകത്തുനിന്നുതന്നെയുള്ള ചോദ്യങ്ങളായിരുന്നു. 'മാതൃഭൂമി തൊഴില്‍വാര്‍ത്ത'യുടെ പരിശീലനം സഹായിച്ചതായി പരീക്ഷയെഴുതിയവര്‍ പറഞ്ഞു. പ്ലസ്ടുതല പ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ഏപ്രില്‍ പത്തിനായിരുന്നു. നാലരലക്ഷത്തോളം പേര്‍ അന്ന് പരീക്ഷയെഴുതി.

മറ്റു മത്സരപ്പരീക്ഷകളുള്ളതിനാലും കോവിഡ് കാരണവും അന്നത്തെ പരീക്ഷയെഴുതാനാകാത്തവര്‍ക്ക് ഞായറാഴ്ച സൗകര്യം നല്‍കിയിരുന്നു. തക്കതായ കാരണത്താല്‍ രണ്ടുഘട്ട പരീക്ഷകള്‍ക്കും ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് മൂന്നാംഘട്ടമായി ഒരുപരീക്ഷകൂടി നടത്തുമെന്ന് പി.എസ്.സി. അറിയിച്ചിട്ടുണ്ട്. തീയതി നിശ്ചയിച്ചിട്ടില്ല.

പ്ലസ്ടു വിജയം യോഗ്യതയായുള്ള തസ്തികകളിലെ അപേക്ഷകര്‍ക്കാണ് പൊതുപരീക്ഷ നടത്തുന്നത്. ഇതില്‍ ഓരോ തസ്തികയ്ക്കനുസരിച്ച് നിശ്ചിതമാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് മുഖ്യപരീക്ഷ പിന്നീട് നടത്തും. പോലീസ്എക്‌സൈസ് സിവില്‍ ഓഫീസര്‍മാര്‍, ഫയര്‍മാന്‍ തുടങ്ങി യൂണിഫോം സേനകളിലേക്കുള്ള നിയമനമാണ് ഇവയില്‍ കൂടുതലും.

Content Highlights: P.Sc. Two and a half lakh candidates appeared for the second phase of the Plus Two examination