ന്യൂഡൽഹി: കോവിഡ്-19നെത്തുടർന്ന് കഴിഞ്ഞവർഷം തങ്ങളുടെ അവസാന സിവിൽ സർവീസ് പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന ഉദ്യോഗാർഥികൾക്ക് അധിക അവസരം നൽകുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.

കോവിഡ് കാരണം പരീക്ഷയെഴുതാൻ സാധിക്കാതിരുന്നവർക്ക് വീണ്ടുമൊരവസരം നൽകാൻ സർക്കാർ തയ്യാറല്ലെന്ന് പേഴ്സണൽ ആന്റ് ട്രെയിനിംഗ് വകുപ്പിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനോട് അറിയിച്ചു. ഇത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നൽകണമെന്നും ബി.ആർ.ഗവായി, കൃഷ്ണ മുരൈ എന്നിവരുൾപ്പെട്ട ബെഞ്ചിന് മുൻപാകെ അദ്ദേഹം ആവശ്യപ്പെട്ടു.

ഇതേത്തുടർന്ന് സിവിൽ സർവീസ് ഉദ്യോഗാർഥി രചന സിങ്ങിന്റെ ഹർജി കോടതി വാദം കേൾക്കാനായി ജനുവരി 25-ലേക്ക് മാറ്റിവെച്ചു. ഈ കാലയളവിൽ സത്യവാങ്മൂലം സമർപ്പിച്ച് കക്ഷികൾക്ക് നൽകണമെന്ന് കോടതി കേന്ദ്രത്തോട് പറഞ്ഞു. കോവിഡ്-19 മൂലം പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന പ്രായപരിധി കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് ഒരവസരം കൂടി നൽകുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് നേരത്തെ സോളിസിറ്റർ ജനറർ തുഷാർ മേത്ത ബെഞ്ചിനോട് അറിയിച്ചിരുന്നു.

Content Highlights: Not in favour of giving extra chance to UPSC aspirants who missed their last attempt: Centre to Supreme Court