കൊല്ലം: കോവിഡ് കാലത്ത് വിദേശരാജ്യങ്ങളിൽ ആരോഗ്യമേഖലയിലുണ്ടായ ഒഴിവുകളിലേക്ക് അതിവേഗ നിയമനത്തിന് അവസരമൊരുക്കി നോർക്ക റൂട്ട്സ്. എക്സ്പ്രസ് റിക്രൂട്ട്മെന്റ് വഴി 23 മലയാളി നഴ്സുമാരുടെ സംഘം കഴിഞ്ഞദിവസം സൗദിയിലെത്തി. സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവർക്ക് നിയമനം ലഭിച്ചത്.

കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ നഴ്സുമാരുടെയും ഡോക്ടർമാരുടെയും ഒട്ടേറെ ഒഴിവുകളാണുണ്ടായത്. ഒഴിവുകളുടെ വിവരം നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ ലഭിക്കും. തൊഴിൽദാതാക്കൾക്കും തൊഴിലന്വേഷകർക്കും പെട്ടെന്ന് പരസ്പരം ബന്ധപ്പെടാനുള്ള അവസരം നോർക്ക ഒരുക്കും. രണ്ടാഴ്ചയിലൊരിക്കൽ വിവിധ വിദേശ കമ്പനികളിലേക്കുള്ള അഭിമുഖം നടക്കുന്നുണ്ട്. നോർക്ക് റൂട്ട്സിന്റെ ഓഫീസിൽവെച്ചാണ് നേരത്തേ അഭിമുഖം നടത്തിയിരുന്നത്. ഇപ്പോൾ തൊഴിൽദാതാവും ഉദ്യോഗാർഥിയും നോർക്ക പ്രതിനിധിയും ഓൺലൈനിൽ നടപടികൾ പൂർത്തിയാക്കുകയാണ്.

തൊഴിൽദാതാവ് നേരിട്ട് കേരളത്തിലെത്തി, അഭിമുഖം നടത്തി അനന്തരനടപടികൾ പൂർത്തിയാക്കുമ്പോൾ മാസങ്ങളുടെ കാലതാമസമാണ് നേരത്തേ ഉണ്ടായിരുന്നത്. ഇത് എക്സ്പ്രസ് റിക്രൂട്ട്മെന്റ് വന്നതോടെ ഒഴിവായി. തുടരെ റിക്രൂട്ട്മെന്റ് നടക്കുന്നെന്നതാണ് മറ്റൊരു പ്രത്യേകത. വിദേശരാജ്യങ്ങളിൽ പരമാവധി സുരക്ഷിതത്വത്തോടെ തൊഴിൽ ഉറപ്പാക്കാനും കഴിയുന്നു.

നഴ്സിങ് മേഖലയിലുള്ളവർക്കായി ഇപ്പോൾ എക്സ്പ്രസ് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. ബി.എസ്സി.നഴ്സിങ് ബിരുദവും 22-നും 35-നും മധ്യേ പ്രായവുമുള്ള വനിതകൾക്കാണ് ഗൾഫ് രാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ ഒട്ടേറെ അവസരങ്ങളുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 70,000 മുതൽ 80,000 രൂപവരെയാണ് ശമ്പളം.

Content Highlights: Norka Roots express recruitment, Nurses recruitment, Job notification