തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭകത്വ പരിശീലനവും വായ്പാ യോഗ്യത നിർണയക്യാമ്പും സംഘടിപ്പിക്കാൻ നോർക്ക റൂട്ട്സ്. ബാങ്ക് ഓഫ് ബറോഡ, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവയുടെ സഹകരണത്തോടെ ഡിസംബർ 23 രാവിലെ 10 മണിക്ക് പത്തനാപുരം സാഫല്യം ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രണ്ടു വർഷമോ അതിലധികമോ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് ക്യാമ്പിന്റെ ഭാഗമാകാൻ അപേക്ഷിക്കാം. ഇത്തരക്കാർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. കൂടാതെ അർഹരായ സംരംഭകർക്ക് നിബന്ധനകളോടെ തൽസമയം വായ്പ അനുവദിക്കുകയും മാർഗനിർദേശങ്ങൾ ലഭ്യമാക്കുകയും ചെയ്യും. സർക്കാർ മാനേജ്മെന്റ് സ്ഥാപനമായ സി.എം.ഡി യാണ് ഈ സേവനം നൽകുന്നത്.

മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയുടെ കീഴിൽ സംരംഭകരാകാൻ താത്‌പര്യമുള്ളവർ നോർക്ക റൂട്സ് വെബ്സൈറ്റായ www.norkaroots.net-ൽ NDPREM എന്ന ഓപ്ഷനിൽ പാസ്പോർട്ട്, ഫോട്ടോ, പദ്ധതിയുടെ വിവരണം തുടങ്ങിയ രേഖകൾ അപ്ലോഡ് ചെയ്ത് മുൻകൂറായി പേര് രജിസ്റ്റർ ചെയ്യണം.

കൂടാതെ തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും രണ്ട് വർഷമോ അതിലധികമോ ഉള്ള വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ അസലും പകർപ്പും മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും അന്നേ ദിവസം കൊണ്ടുവരണം.

പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ സേവനം), കൊല്ലം (0474-2791373) എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Content Highlights: Norka roots conducts Entreprenurship program for pravasi