ന്യൂഡല്‍ഹി: യു.പി.എസ്.സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള ഉദ്യോഗാര്‍ഥികളുടെ ഉയര്‍ന്ന പ്രായപരിധി കുറച്ചേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങാണ് ഇക്കാര്യം അറിയിച്ചത്. ഊഹാപോഹങ്ങള്‍ തള്ളിക്കളയണമെന്നും സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പ്രായപരിധിയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമില്ലെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി.
നേരത്തെ നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം 2022-23ഓടെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി 27 ആയി കുറയ്ക്കണമെന്ന ശുപാര്‍ശയുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ ജനറല്‍ വിഭാഗത്തിന് 32ഉം, ഒ.ബി.സിക്ക് 35ഉം, എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്ക് 37ഉം വയസാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി.
Content Highlight: No move to alter age limit for UPSC examination: Minister