നാഷണൽ ഇനീഷ്യേറ്റീവ് ഫോർ ഡെവലപ്പിംഗ് ആൻഡ് ഹാർനെസിംഗ് ഇന്നൊവേഷൻസ് എന്റർപ്രണർ-ഇൻ-റെസിഡൻസ് (നിധി-ഇ.ഐ.ആർ) ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് നവസംരംഭകരെ ക്ഷണിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം). സംരംഭകരാകാൻ ആഗ്രഹിക്കുന്ന എസ്.സി, എസ്.ടി വിഭാഗത്തിലുളള യുവജനങ്ങൾക്ക് ജൂലായ് ഒന്നിന് ആരംഭിക്കുന്ന പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

ബിരുദധാരികൾക്ക് ഫെലോഷിപ്പ് നൽകി സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ നാഷണൽ സയൻസ് ആൻഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ബോർഡ് (എൻ.എസ്.ടി.ഇ.ഡി.ബി) ആരംഭിച്ച നിധി-ഇ.ഐ.ആർ പ്രോഗ്രാം ലക്ഷ്യമിടുന്നത്. രാജ്യത്ത് പ്രോഗ്രാം നടത്തിപ്പിനായി തെരെഞ്ഞെടുത്ത സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകളിലൊന്നാണ് കെ.എസ്.യു.എം.

മെഡ്ടെക്, ഹാർഡ് വെയർ, റോബോട്ടിക്സ്, ക്ലീൻടെക് വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രോഗ്രാമിന്റെ ഭാഗമായി നവസംരംഭകർക്ക് പ്രതിമാസം 30000 രൂപ വരെ സ്റ്റൈപൻഡും ആവശ്യമായ മാർഗനിർദ്ദേശങ്ങളും ലാബ് സൗകര്യവും ലഭ്യമാക്കും. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോട്ടോടൈപ്പിംഗ് ലാബുകളിലേക്കുള്ള പ്രവേശനവും നെറ്റ് വർക്കിംഗ് അവസരവും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കെഎസ്യുഎം ഇൻകുബേറ്ററുകളിൽ ഇൻക്യുബേറ്റ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും.

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 12. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക ജൂൺ 28 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് //startupmission.kerala.gov.in/programs/nidhieir/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: NIDHI EIR fellowship program, Kerala Startup Mission