വവത്സരസമ്മാനമായി  'മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2022 (ഇംഗ്ലീഷ്)' വിപണിയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ പ്രധാനപ്പെട്ട ദേശീയ-അന്തര്‍ദ്ദേശീയ സംഭവങ്ങള്‍ സമഗ്രവും ലളിതവുമായി ഉള്‍പ്പെടുത്തിയാണ് ഇയര്‍ ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യരംഗം, പരിസ്ഥിതിപ്രശ്നങ്ങള്‍, സാമ്പത്തികമേഖല, ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകള്‍, ഊര്‍ജം, കൃഷി, വിവരവിനിമയം, ഗതാഗതം, വ്യവസായം, ജനസംഖ്യ, ഭരണനിര്‍വ്വഹണം, പ്രതിരോധം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിലെ വിശദ വിവരങ്ങളും ഇന്ത്യയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങളും 1028 പേജുള്ള ഇയര്‍ബുക്കിലുണ്ട്.

ആനുകാലിക വിഷയങ്ങളില്‍ വിദഗ്ധര്‍ തയ്യാറാക്കിയ വിശകലനസ്വാഭാവമുള്ള 15 ലേഖനങ്ങള്‍ മാതൃഭൂമി ഇയര്‍ബുക്കിന്റെ പ്രത്യേകതയാണ്. ലോക പാരിസ്ഥിതിക ഉച്ചകോടിയായ കോപ്പ് 26- ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പരിസ്ഥിതി നയങ്ങളെ വിശകലനം ചെയ്യുകയാണ് മഗ്സാസെ അവാര്‍ഡ് ജേതാവും പ്രമുഖ പരിസഥിതി പ്രവര്‍ത്തകയുമായ സുനിത നാരായന്‍. പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിച്ചുവരുമ്പോള്‍, എന്താണ് നമ്മുടെ ഭൂമിക്ക് സംഭവിക്കുന്നതെന്ന ശാസ്ത്രീയ അന്വേഷണമാണ് ജിയോളജിസ്റ്റ് ഡോ.എ.കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്നത്.

ഡിജിറ്റല്‍ പണത്തെ സ്വീകരിക്കാന്‍ ഇന്ത്യയുടെ സാമ്പത്തികരംഗം എത്രമാത്രം സന്നദ്ധമാണെന്ന് പ്രമുഖ സാമ്പത്തികവിദഗ്ദ്ധന്‍ ഡോ. ഷൈജുമോന്‍ സി.എസ്. വിശകലനം ചെയ്യുന്നു. ഇന്ത്യയില്‍ നടപ്പിലായ ജി.എസ്.ടി. സമ്പ്രദായത്തെ ഡോ.ജോസ് സെബാസ്റ്റിയന്‍ വിലയിരുത്തുന്നു. സമീപകാലത്ത് ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തില്‍ വളരെയധികം ഉയര്‍ന്നുകേട്ട  'ജുഡീഷ്യല്‍ ആക്ടിവിസം' -ത്തെക്കുറിച്ച് ആഴത്തിലന്വേഷിക്കുകയാണ് അഡ്വ.കാളീശ്വരം രാജ്.

മനുഷ്യന്റെ തലച്ചോറിനെ മുന്‍നിര്‍ത്തിയുള്ള പുതിയ ഗവേഷണഫലങ്ങളെക്കുറിച്ച് ഡോ.എതിരന്‍ കതിരവന്‍ എഴുതുന്നു. ജന്തുജന്യരോഗങ്ങളുടെ പകര്‍ച്ചകള്‍ക്ക് നടുവില്‍ മനുഷ്യാരോഗ്യത്തിന്റെ ഭാവി ഇനി എന്തായിരിക്കും എന്ന് വിശദീകരിക്കുന്നുണ്ട്  ഡോ.ടി.ജേക്കബ് ജോണ്‍. വാക്സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് ഡോ. രാജുനാരായണ സ്വാമി ഐ.എ.എസ്. എഴുതുന്നു.

വെബ് എഡിഷന്‍

പ്രിന്റ് എഡിഷനുമായി ബന്ധിപ്പിച്ച് വെബ് എഡിഷനും 2022-ലെ മാതൃഭൂമി  ഇംഗ്ളീഷ്   ഇയര്‍ബുക്കിനൊപ്പം ലഭിക്കും. 300 രൂപ വിലയുള്ള ഇയര്‍ബുക്ക് വാങ്ങുമ്പോള്‍ വെബ് എഡിഷനിലേക്ക് ഒരു വര്‍ഷം സൗജന്യമായാണ് പ്രവേശനം. പുസ്തകത്തോടൊപ്പം നല്‍കിയിരിക്കുന്ന സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ വെബ്സൈറ്റ് ഉപയോഗിക്കാം.  ഇംഗ്ളീഷ്   ഇയര്‍ബുക്ക് വെബ്സൈറ്റ് കാണാന്‍ https://yearbook.mathrubhumi.com/en    സന്ദര്‍ശിക്കുക.

സിവില്‍ സര്‍വീസസ് പരീക്ഷാസിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രത്യേകവിഭാഗം:

സിവില്‍ സര്‍വീസസ് പ്രവേശനപ്പരീക്ഷകളെക്കൂടി മുന്നില്‍കണ്ടാണ്  ഇംഗ്ളീഷ്  'മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2022' തയ്യാറാക്കിയിരിക്കുന്നത്. യു.പി.എസ്സ്.സി പരീക്ഷാ സിലബസില്‍ ഉള്‍പ്പെട്ട എട്ട് വിഷയങ്ങളെ സവിസ്തരം പ്രതിപാദിക്കുന്നതാണ് ഇയര്‍ബുക്കിലെ പ്രത്യേക വിഭാഗമായ യു.പി.എസ്.സി സമ്മേഷന്‍. കറണ്ട് അഫയേഴ്സ് വിഭാഗത്തില്‍, ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളില്‍ നടന്ന മുന്‍വര്‍ഷത്തെ പ്രധാന സംഭവങ്ങള്‍, ഉച്ചകോടികള്‍, നിയമനങ്ങള്‍, അവാര്‍ഡുകള്‍, വേര്‍പാടുകള്‍ തുടങ്ങി എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.


To buy English Yearbook 2022 Click here