സിവിൽ സർവീസസ് പരീക്ഷ എന്താണെന്നും എന്തിനാണെന്നും തിരിച്ചറിയുന്നവരാണ് യഥാർഥ വിജയം നേടുന്നതെന്ന് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എൻ. പ്രശാന്ത് ഐഎഎസ്. മാതൃഭൂമി ജി.കെ.ആൻഡ് കറന്റ് അഫയേഴ്സ് മാസികയുടെ ആഭിമുഖ്യത്തിൽ 'വായനാശീലവും മത്സരപരീക്ഷയും' എന്ന വിഷയത്തിൽ നടത്തിയ വെബിനാറിൽ അനുഭവങ്ങൾ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

മുൻവർഷ ചോദ്യപേപ്പറുകൾ വായിച്ചാൽ മാത്രമേ എന്ത് വായിക്കണം എന്ന തീരുമാനമെടുക്കാൻ സാധിക്കൂ, വായിച്ച് നേടുന്ന അറിവ് ഒരിക്കലും വെറുതേയാകില്ലെന്നും അത് ഓരോ വിഷയത്തിലും നിങ്ങളുടേതായ അഭിപ്രായം രൂപപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അറിവുണ്ടെങ്കിൽ അഭിമുഖങ്ങളിൽ ഭാഷ ഒരിക്കലും ഒരു കടമ്പയാകില്ലെന്നും ആ അറിവിന് നിങ്ങളുടെ അഭിപ്രായങ്ങളെ സാധൂകരിക്കാനും ബലപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെബിനാറിൽ രജിസ്റ്റർ ചെയ്തവരുടെ ഒട്ടേറെ സംശയങ്ങൾക്ക് അദ്ദേഹം സ്വന്തം അനുഭവങ്ങളിലൂടെ മറുപടി നൽകി. ക്ലബ് എഫ്.എം. ആർ.ജെ. റോഷ്നി വെബിനാറിൽ മോഡറേറ്ററായി.

Content Highlights: Mathrubhumi GK & Current Affairs Webinar for Civil Service Aspirants