സിവില്‍ സര്‍വീസസ് അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മവിശ്വാസമാണ് പ്രധാനമെന്ന് ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണറും 2017-ലെ സിവില്‍ സര്‍വീസസ് അഭിമുഖത്തില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാമനുമായ രമിത് ചെന്നിത്തല. മാതൃഭൂമി ജി.കെ & കറന്റ് അഫയേഴ്‌സ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമുഖത്തിന് എത്തുന്നവര്‍ക്ക് സമ്മര്‍ദം സ്വാഭാവികമാണെന്നും ആത്മവിശ്വാസം കൂട്ടുന്നതിലൂടെ ഇതിനെ മറികടക്കാമെന്നും രമിത് പറയുന്നു. മോക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിലൂടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന കാര്യത്തില്‍ ധാരണയുണ്ടാക്കാനാകും. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ വീണ്ടും തിരിച്ചുവരാനുള്ള മാനസികശേഷി സൃഷ്ടിക്കേണ്ടതും നിര്‍ണായകമാണ്.

മലയാളത്തില്‍ പരീക്ഷയെഴുതിയാലും അഭിമുഖം ഇംഗ്ലീഷില്‍ ചെയ്യുന്നതാണ് നല്ലത്. ഭാഷയില്‍ ഏറെ അറിവുണ്ടാകുകയെന്നതല്ല, പറയുന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകുക എന്നതാണ് പ്രധാനം. തയ്യാറെടുപ്പിന്റെ സമയത്ത് പഠിക്കുന്നതിനായി സ്വന്തംരീതി അവലംബിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.

Content Highlights: Mathrubhumi GK & CA Webinar on Civil Service Interview