തിരുവനന്തപുരം: പത്താംക്ലാസ് വരെ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യപരീക്ഷ ഒക്ടോബറിലും ഡിസംബറിലുമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചു. ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ ഒന്നുമുതൽ 11 വരെയുള്ള തീയതികളിലുമായാണ് പരീക്ഷ. അപേക്ഷകർ കൂടുതലുള്ള എൽ.ഡി. ക്ലാർക്ക് പരീക്ഷ ഒക്ടോബർ 23-നും ലാസ്റ്റ്ഗ്രേഡ് സർവെന്റ്‌സ് പരീക്ഷ ഒക്ടോബർ 30-നും നടക്കും.

തസ്തികകളും തീയതിയും പാഠ്യപദ്ധതിയും പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ (www.keralapsc.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾ അടുത്ത ലക്കം ‘മാതൃഭൂമി തൊഴിൽവാർത്ത’യിലുമുണ്ടാകും. 192 തസ്തികകളെ ജോലിയുടെ സ്വഭാവം പരിഗണിച്ച് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് മുഖ്യപരീക്ഷ.

കഴിഞ്ഞ ഫെബ്രുവരി 20, 25, മാർച്ച് ആറ്, 13, ജൂലായ് മൂന്ന് തീയതികളിലായി അഞ്ചുഘട്ടമായി ഇവയുടെ പ്രാഥമിക പരീക്ഷ നടത്തിയിരുന്നു. ജയിച്ചവരുടെ ചുരുക്കപ്പട്ടിക ഓരോ തസ്തികയ്ക്കനുസരിച്ച് പ്രത്യേകം തയ്യാറാക്കും. ഇത് സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കും. മുഖ്യപരീക്ഷയെഴുതുമെന്ന് ഉദ്യോഗാർഥികൾ ഉറപ്പുനൽകേണ്ടതില്ല. പരീക്ഷാസമയം, പരീക്ഷാകേന്ദ്രം എന്നിവ അഡ്മിഷൻ ടിക്കറ്റിലുണ്ടാകും.

രണ്ടുഘട്ട പരീക്ഷയിൽ കാര്യക്ഷമത കൂടും

രണ്ടുഘട്ട പരീക്ഷാസമ്പ്രദായം ആദ്യമായാണ് പി.എസ്.സി.യിൽ നടപ്പാക്കുന്നത്. ഇതിലൂടെ ഓരോ തസ്തികയുടെയും ജോലിയുടെ സ്വഭാവമനുസരിച്ച് കഴിവും പ്രാപ്തിയുമുള്ളവരെ കണ്ടെത്താൻ കഴിയും. -എം.കെ. സക്കീർ, ചെയർമാൻ, കേരള പി.എസ്.സി.

21-ലെ പി.എസ്.സി. പരിശോധനകൾ മാറ്റി

പി.എസ്.സി. ജൂലായ് 21-നു നിശ്ചയിച്ചിരുന്ന നിയമന പരിശോധന, പ്രമാണ പരിശോധന എന്നിവ മറ്റൊരു ദിവസത്തേക്കു മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. 21-ന് ബക്രീദ് പരിഗണിച്ചാണ് മാറ്റം.

Content Highlights: Main examination for the tenth level posts will be held in October and December