കോഴിക്കോട്: മൂന്നുവര്‍ഷം മുമ്പ് നിലവില്‍ വന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ഇനി ഒരുമാസം മാത്രം. 2018 ഏപ്രിലില്‍ നിലവില്‍ വന്ന വിവിധ വകുപ്പുകളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഓഗസ്റ്റ് നാലിന് കഴിയും. പ്രായപരിധി കഴിയാറായ ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ പട്ടികയില്‍നിന്ന് നിയമനം കാത്തിരിക്കുകയാണ്. കോവിഡടക്കമുള്ള കാരണങ്ങളാല്‍ പട്ടികയില്‍നിന്ന് മതിയായ നിയമനമുണ്ടായില്ലെന്നാണ് റാങ്ക് ലിസ്റ്റിലുള്ളവരുടെ പരാതി.

pscഈ പട്ടികയില്‍നിന്ന് ഇതുവരെ സംസ്ഥാനമൊട്ടാകെ 9666 പേര്‍ക്കുമാത്രമാണ് നിയമനം ലഭിച്ചത്. 2015-18 കാലയളവിലെ ലിസ്റ്റില്‍നിന്ന് 11,478 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ വിരമിച്ച വര്‍ഷങ്ങള്‍കൂടിയാണ് 2018 മുതലുള്ള മൂന്നുവര്‍ഷക്കാലം. 2500 പുതിയ വിവിധ ഉയര്‍ന്ന തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയത്. എന്നാല്‍, ആനുപാതികമായി ഒഴിവുകള്‍ നികത്തപ്പെട്ടില്ല.

ഏപ്രില്‍ ഒന്നിന് അവസാനിക്കേണ്ടിയിരുന്ന ലിസ്റ്റിന്റെ കാലാവധി 2021 ഓഗസ്റ്റ് നാലുവരെ ദീര്‍ഘിപ്പിച്ചിരുന്നു. എന്നാല്‍, പേരിനുമാത്രമുള്ള ഒഴിവുകളാണ് ഏപ്രില്‍-മേയ് മാസങ്ങളില്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ടുചെയ്തത്. അധ്യാപക നിയമനം നീണ്ടുപോകുന്നതും എല്‍.ഡി.സി. ലിസ്റ്റിന് തിരിച്ചടിയായി. രണ്ട് ലിസ്റ്റിലും ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ പട്ടികയിലുണ്ട്. ക്ലാര്‍ക്കുമാര്‍ക്ക് അധ്യാപക നിയമനം ലഭിക്കുമ്പോഴുള്ള റിലീവിങ് ഒഴിവുകളും ഇതോടെ ഇല്ലാതായി.

എല്‍.ഡി.സി. തസ്തികയിലേക്ക് പി.എസ്.സി. നടത്തുന്ന പരീക്ഷകളുടെ ആദ്യ ഘട്ടംപോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. രണ്ടാംഘട്ട പരീക്ഷയും മൂല്യനിര്‍ണയവും പൂര്‍ത്തിയാക്കി പുതിയ റാങ്ക് ലിസ്റ്റ് എപ്പോള്‍ വരുമെന്നത് അനിശ്ചിതത്വത്തിലാണ്. ഈ കാലയളവിലെ ഒഴിവുകള്‍ നികത്താന്‍ ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് പുതിയ ലിസ്റ്റ് നിലവില്‍ വരുന്നതുവരെയോ ആറുമാസമോ ദീര്‍ഘിപ്പിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

Content Highlights: LDC Rank list expires in one month; Job aspirants under tension, Kerala PSC