കോഴിക്കോട്: പി.എസ്.സി. എൽ.ഡി. ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടന്നത് ഏറ്റവും കുറഞ്ഞ നിലയിൽ. മൂന്നുവർഷം മുമ്പ് നിലവിൽ വന്ന റാങ്ക് ലിസ്റ്റ് അവസാനിക്കാൻ രണ്ടുമാസവും രണ്ടാഴ്ചയും മാത്രം അവശേഷിക്കെയാണിത്. ഇതുവരെ വന്ന റാങ്ക് ലിസ്റ്റിൽ ഏറ്റവും കുറവ് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയുള്ള പട്ടിക കൂടിയാണിത്.

ഇതിന് തൊട്ടുമുമ്പുണ്ടായിരുന്ന റാങ്ക് ലിസ്റ്റിൽനിന്ന് 11,415 പേർക്ക് നിയമനശുപാർശകൾ നൽകിയപ്പോൾ നിലവിലെ ലിസ്റ്റിൽനിന്ന് 8,134 (ഓപ്പൺ കാറ്റഗറി+സംവരണം+ബൈ ട്രാൻസ്‌ഫർ-വകുപ്പിലെ താഴെത്തട്ടിലെ ജീവനക്കാർക്കുവേണ്ടിയുള്ളത്) പേർക്ക് മാത്രമേ നിയമന ശുപാർശ നൽകിയിട്ടുള്ളൂ. ഓപ്പൺ കാറ്റഗറിയിൽ നിലവിൽ 5,218 പേർക്ക് മാത്രമേ നിയമനം ലഭിച്ചുള്ളു. പഴയ സംവരണതത്ത്വം അടിസ്ഥാനമാക്കി നിയമനം നടത്തേണ്ടതും ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ മത്സരപരീക്ഷയെഴുതിയതുമായ റാങ്ക് ലിസ്റ്റ് കൂടിയാണിത്.

കഴിഞ്ഞ ലിസ്റ്റിൽനിന്ന് ഓപ്പൺ വിഭാഗത്തിൽ 7,626 പേർക്ക് നിയമനം ലഭിച്ചു. 2012-ലെ ലിസ്റ്റിൽനിന്ന് 12,181 പേർക്കും 2009-ലെ ലിസ്റ്റിൽനിന്ന് 15,357 പേർക്കും നിയമനശുപാർശ ലഭിച്ചിരുന്നു. നിലവിലെ എൽ.ഡി. ക്ലാർക്ക് റാങ്ക് ലിസ്റ്റ് 36,783 ഉദ്യോഗാർഥികൾ ഉൾപ്പെടുന്നതാണ്.

പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടിക്രമങ്ങൾ തുടർന്നുവരുന്നതേയുള്ളൂ. ജനുവരി പകുതിയായിട്ടും പുതിയ പരീക്ഷാതീയതി പി.എസ്.സി. പ്രഖ്യാപിച്ചിട്ടില്ല. പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുന്നതുവരെ നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. എൽ.ഡി. ക്ലാർക്ക് തസ്തികകളിൽ കൂടുതൽ ആശ്രിത നിയമനം നടത്തുന്നതും റാങ്ക് ലിസ്റ്റിനെ ദോഷമായി ബാധിക്കുന്നുണ്ട്.

Content Highlights: LDC Current appointment status is less than previous ones, Kerala PSC