തിരുവനന്തപുരം: പൊതുജനസമ്പര്‍ക്ക വകുപ്പില്‍ പാക്കര്‍, സ്വീപ്പര്‍, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ ജോലിചെയ്യുന്നവരെ തസ്തിക മാറ്റത്തിലൂടെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരാക്കാന്‍ നീക്കം. നിയമനച്ചട്ടം ഭേദഗതി ചെയ്ത് നിലവിലെ സര്‍വീസ് മുന്‍ഗണനയോടെ നിയമിക്കാനാണ് ശ്രമം നടക്കുന്നത്. പി.എസ്.സി. റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് തസ്തികമാറ്റം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചുരുക്കപ്പട്ടിക വൈകിപ്പിച്ച് പി.എസ്.സി.യും ഇതിന് കൂട്ട് നില്‍ക്കുന്നതായി ആരോപണമുണ്ട്. തസ്തികമാറ്റം നടപ്പാക്കിയാല്‍ പി.എസ്.സി. വഴി നിയമനം നേടുന്നവരുടെ സ്ഥാനക്കയറ്റ സാധ്യതകള്‍ ഇല്ലാതാകും.

ബിരുദവും അംഗീകൃത മാധ്യമങ്ങളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പത്രപ്രവര്‍ത്തന പരിചയവുമാണ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ യോഗ്യത. രണ്ട് ഘട്ട പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പി.എസ്.സി.യാണ് നിയമനം നടത്തുന്നത്. 

ഇതിനിടെ ചട്ടഭേദഗതിയിലൂടെ യോഗ്യതാ വ്യവസ്ഥ അട്ടിമറിച്ച് 10 ശതമാനം ഒഴിവുകള്‍ തസ്തികമാറ്റത്തിന് നീക്കിവെക്കാനാണ് ശ്രമം. ഇതു സംബന്ധിച്ച ഫയല്‍ നീക്കം ആരംഭിച്ചതോടെ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ ജേണലിസം ഡിപ്ലോമയോ ബിരുദമോ യോഗ്യതയായി ഉള്‍പ്പെടുത്തി ഒത്തുതീര്‍പ്പിനും നീക്കമുണ്ട്. 

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ 23 ഒഴിവാണുള്ളത്. നിയമനത്തിന് പി.എസ്.സി. റാങ്ക്പട്ടിക തയ്യാറാവുകയാണ്. കോവിഡിന്റെ പേരില്‍ മൂല്യനിര്‍ണയവും അഭിമുഖവും നീണ്ടുപോകുകയാണ്. ഈ അവസരം മുതലെടുത്ത് തസ്തികമാറ്റം നടത്തുകയാണ് ലക്ഷ്യം.

Content Highlights: Last grade servants being appointed as assistant information officers, Move to subvert eligibility in PRD