തിരുവനന്തപുരം:  സംസ്ഥാനത്ത് പോലീസ്, എക്‌സൈസ്, അഗ്‌നിശമന സേനകളിലേക്കുള്ള പിഎസ്‌സി നിയമനങ്ങള്‍ ഇഴയുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. സബ് ഇന്‍സ്‌പെക്ടര്‍, സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, ഫയര്‍മാന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് ഒരുവര്‍ഷത്തിലധികമായി നിലച്ചിരിക്കുന്നത്. ഇവയുടെ എല്ലാം റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചിട്ടും പുതിയ പട്ടിക തയ്യാറാക്കാന്‍ പിഎസ്‌സിക്ക് സാധിച്ചിട്ടില്ല.

പുതിയ പരീക്ഷാ പരിഷ്‌കരണത്തെ തുടര്‍ന്ന് ഒരേ യോഗ്യതയുള്ള തസ്തികകളിലേക്ക് യോഗ്യതാ പരീക്ഷ നടത്തിയിരുന്നു. ഈ പരീക്ഷയിലുള്‍പ്പെടുത്തിയാണ് മേല്‍പ്പറഞ്ഞ തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയും നടന്നത്. എന്നാല്‍ പ്രാഥമിക പരീക്ഷാ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇനി ഇവയില്‍ മെയിന്‍ പരീക്ഷ, അതിന് ശേഷം കായിക ക്ഷമത പരിശോധന, സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന തുടങ്ങിയവയെല്ലാം നടക്കാനുണ്ട്. അതിന് ശേഷം മാത്രമെ പുതിയ റാങ്ക് പട്ടിക തയ്യാറാകു. 

ഇങ്ങനെയാണെങ്കില്‍ 2022 പോലും റാങ്ക് പട്ടിക വരുമെന്ന പ്രതീക്ഷ ഉദ്യോഗാര്‍ഥികള്‍ക്കില്ല. പോലീസിലേക്ക് പി.എസ്.സി വഴി നിയമനം നടന്നിട്ട് ഒരുവര്‍ഷമായി. സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒന്നരവര്‍ഷം മുമ്പ് അവസാനിച്ചിരുന്നു. ഇതിനും പുറമെ ഫയര്‍മാന്‍ ഗ്രേഡ്2 തസ്തികയിലും നിയമനം നടന്നിട്ട് രണ്ടുവര്‍ഷത്തോളമാകുന്നു. അസിസ്റ്റന്റ് ജയിലര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കും റാങ്ക് ലിസ്റ്റുകള്‍ നിലവിലില്ല. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് 2020 ല്‍ തന്നെ അവസാനിച്ചിരുന്നു. ഇങ്ങനെ വിവിധ സേനകളിലേക്കുള്ള നിയമനം വൈകുകയും എന്നാല്‍ അതിനായി റാങ്ക് പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ പി.എസ്.സിയുടെ ഭാഗത്തുനിന്നുണ്ടാകാതിരിക്കുകയും  ചെയ്യുന്നതോടെ അസ്തമിക്കുന്നത് നിരവധി ഉദ്യോഗാര്‍ഥികളുടെ സ്വപ്‌നങ്ങളാണ്. 

അതേസമയം കോവിഡ് വ്യാപനവും ലോക്ക്ഡൗണുമൊക്കെയാണ് പരീക്ഷ നടത്തുന്നതിനും മറ്റും കാലതാമസം ഉണ്ടാകാന്‍ കാരണമായി പി.എസ്.സി പറയുന്നത്. കാലതാമസമുണ്ടാകുമ്പോൾ സാധാരണ പഴയ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാറാണ് പതിവ്. എന്നാൽ ആ രീതി ഇപ്പോള്‍ ഉണ്ടാകുന്നില്ല. 

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതിയ നിയമനങ്ങളോട് സര്‍ക്കാരിനും അത്ര താത്പര്യമില്ലാത്തതിനാല്‍ റാങ്ക്പട്ടികയുടെ കാലാവധി നീട്ടുന്ന കാര്യവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ ഇനി നടക്കാനുള്ള പരീക്ഷകളെങ്കിലും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ അക്കാര്യത്തിലുണ്ടാകുന്ന കാലതാമസമാണ് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നത്. 

യുദ്ധകാലാടിസ്ഥാനത്തില്‍ പരീക്ഷകളുമായി മുന്നോട്ടുപോകുമെന്ന് പി.എസ്.സി

കോവിഡ് പ്രതിസന്ധിയും കാലവര്‍ഷക്കെടുതിയും പി.എസ്.സിയുടെ പരീക്ഷ നടത്തിപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കോവിഡ് കുറഞ്ഞതിന് പിന്നാലെ യുദ്ധകാലാടിസ്ഥാനത്തില്‍ പരീക്ഷകള്‍ നടത്താന്‍ പി.എസ്.സി ശ്രമിക്കുന്നുണ്ട്.  ഇതിനൊപ്പം കാലവര്‍ഷക്കെടുതികള്‍ കൂടി ആയതോടെ പരീക്ഷകള്‍ നടത്തുന്നതില്‍ കാലതാമസം നേരിട്ടിട്ടുണ്ട്. അതിനൊപ്പം വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ ആരംഭിച്ചതും പരീക്ഷാ കേന്ദ്രങ്ങള്‍ ലഭ്യമാകുന്നതില്‍ പ്രതിസന്ധിയുണ്ടാക്കി. ഇത് മറികടക്കാന്‍ ഞായറാഴ്ചകളിലടക്കം പരീക്ഷകള്‍ നടത്തിയാണ് മുന്നോട്ടുപോകുന്നത്. 

അടുത്ത ഫെബ്രുവരിയോടെ ഈ സേനകളിലേക്കുള്ള മെയിന്‍ പരീക്ഷ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക പരീക്ഷയുടെ ഫലം ഒന്ന് രണ്ടാഴ്ചകള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കും. അതിന് ശേഷം കായിക ക്ഷമത പരീക്ഷ അടക്കം നടക്കണം. വരുന്ന വര്‍ഷം പകുതിയോടെ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാകുമെന്നാണ് പി.എസ്.സി പ്രതീക്ഷിക്കുന്നത്. 

Content Highlights: Kerala Uniform posts are still vacant