കൊച്ചി: ചെറുകിട വ്യവസായ മേഖലയ്ക്ക് പിന്തുണയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ലോക്ഡൗണില്‍ നഷ്ടമായ ബിസിനസ് തിരിച്ചുപിടിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ അവസരമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി താമസിയാതെ പ്രചാരണം തുടങ്ങും. 

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ലക്ഷ്യമിട്ടാണ് പ്രചാരണം. ഈ മേഖലയിലുള്ള പലര്‍ക്കും ഓണ്‍ലൈന്‍ സാന്നിധ്യമില്ല. ഒരാള്‍ വ്യാപാര സ്ഥാപനത്തില്‍ വന്നു നേരിട്ട് സാധനങ്ങള്‍ വാങ്ങുന്നതോടെ കഴിയുന്നു ഇവരുടെ ബിസിനസ്. അതിനാല്‍തന്നെ ലോക്ഡൗണില്‍ ബിസിനസ് മോശമായി. 

ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വില്‍പ്പന, മാര്‍ക്കറ്റിങ് എന്നിവയെല്ലാം സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ ഇവര്‍ക്ക് നടപ്പാക്കാനാകും. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. സജി ഗോപിനാഥ് പറഞ്ഞു. നിലവിലെ ബിസിനസ് തുടരുന്നതിനൊപ്പം പുതിയ സാധ്യതകള്‍കൂടിയാണ് വ്യാപാരികള്‍ക്കു ലഭിക്കുന്നത്. വ്യവസായങ്ങള്‍ക്ക് ഗുണകരമായ വിധത്തില്‍ ഏതൊക്കെ ഉത്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളുടേതായുണ്ട്, ഇത് ഏതുതരത്തില്‍ ഉപയോഗപ്പെടുത്താം എന്നീ കാര്യങ്ങള്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പരിശോധിച്ചുവരികയാണ്.

Content Highlights: Kerala Startup mission to help small scale entrepreneurs