തിരുവനന്തപുരം: കോവിഡ് പോസിറ്റീവായവര്‍ക്കും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും ജില്ലാതല പരീക്ഷകളിലും പരീക്ഷാകേന്ദ്രം മാറ്റി നല്‍കാന്‍ പി.എസ്.സി. യോഗം നിര്‍ദേശിച്ചു. ഉദ്യോഗാര്‍ഥിയുടെ അപേക്ഷയില്‍ പ്രത്യേക പരിശോധന നടത്തിയായിരിക്കും കേന്ദ്രമാറ്റം അനുവദിക്കുന്നത്. ചോദ്യക്കടലാസുകളുടെ ലഭ്യത കണക്കിലെടുത്തായിരിക്കും പരീക്ഷാകേന്ദ്രം മാറ്റി നല്‍കുക. 

സംസ്ഥാനതല പരീക്ഷകളില്‍ കേന്ദ്രമാറ്റം പി.എസ്.സി. അനുവദിച്ചിരുന്നു. നവംബറില്‍ നടക്കുന്ന എല്‍.പി., യു.പി. അധ്യാപക പരീക്ഷകളില്‍ കേന്ദ്രമാറ്റം ആവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകള്‍ പി.എസ്.സി.ക്ക് ലഭിച്ചിരുന്നു.

കോവിഡ് വ്യാപനം കൂടുന്നതിനാല്‍ ദൂരെയുള്ള ജില്ലകളില്‍ പോയി പരീക്ഷയെഴുതുന്നത് അപകട സാധ്യതയുണ്ടാക്കുമെന്നാണ് അപേക്ഷകര്‍ പറയുന്നത്. എന്നാല്‍ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം പരീക്ഷാകേന്ദ്രം മാറ്റി നല്‍കുന്നത് പ്രായോഗികമാകില്ലെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് മാത്രമായി കേന്ദ്രമാറ്റം പരിമിതപ്പെടുത്താന്‍ യോഗം നിര്‍ദേശിക്കുകയായിരുന്നു.

Content Highlights: Kerala PSC will allow change in exam centres for candidates with health issues