കോഴിക്കോട്: ഓടിക്കിതച്ച് എത്തുന്നത് കണ്ടുകൊണ്ട് സ്‌കൂള്‍ അധികൃതര്‍ ഗേറ്റ് അടച്ചപ്പോള്‍ മൂന്ന് ഉദ്യോഗാര്‍ഥികള്‍ മതില്‍ ചാടി ഉള്ളില്‍ കടന്നെങ്കിലും പരീക്ഷ എഴുതാനായില്ല. യു.പി.എസ്.എ. ഒഴിവിലേക്ക് ശനിയാഴ്ച നടന്ന പി.എസ്.സി. പരീക്ഷ എഴുതാന്‍ ക്രിസ്ത്യന്‍കോളേജ് സ്‌കൂളില്‍ എത്തിയവര്‍ക്കാണ് ദുരനുഭവമുണ്ടായത്.

ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങുന്ന പരീക്ഷയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഹാളില്‍ ഹാജരാവണമെന്നായിരുന്നു നിര്‍ദേശം നല്‍കിയത്. കോവിഡ് കാരണം പലരും ടാക്‌സി കാറുകളിലും ഓട്ടോറിക്ഷകളിലുമായാണ് എത്തിയത്. ക്രിസ്ത്യന്‍കോളേജ് സ്‌കൂളിന്റെ കണ്ണൂര്‍റോഡിലുള്ള ഗേറ്റില്‍ ഇവരെല്ലാം കൃത്യസമയത്തിന് എത്തി. പ്രവേശനം വയനാട് റോഡ് വഴിയുള്ള ഗേറ്റിലൂടെ മാത്രമേ അനുവദിച്ചിരുന്നുള്ളു. കണ്ണൂര്‍റോഡില്‍നിന്ന് തിരിച്ച് വയനാട് റോഡ് വഴിയുള്ള ഗേറ്റില്‍ എത്തുമ്പോള്‍ സമയം ഒന്നരയായി. സ്‌കൂള്‍ അധികൃതര്‍ ഗേറ്റ് അടച്ചു. ഗേറ്റ് അടയ്ക്കുന്നത് ദൂരെനിന്നുകണ്ട് ഉദ്യോഗാര്‍ഥികളും കൂടെയുള്ളവരും അടയ്ക്കല്ലേ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. എങ്കിലും ജീവനക്കാരന്‍ തനിക്കു ലഭിച്ച നിര്‍ദേശപ്രകാരം ഗേറ്റ് അടച്ചു മടങ്ങി.

മാസങ്ങളായി പരീക്ഷയ്ക്ക് തയ്യാറെടുത്ത് എത്തിയ ഇവര്‍ ബഹളംവെച്ചു. ആരെയും കാണാതായപ്പോള്‍ ഇവര്‍ നിലവിളിച്ചു. പിന്നെ ഒന്നും ആലോചിച്ചുനില്‍ക്കാതെ ഗേറ്റ് ചാടി ക്കടന്ന് ഉള്ളിലേക്ക് ഓടി. ഉള്ളിലെത്തിയപ്പോള്‍ ഇവരെ പരീക്ഷയ്ക്ക് ഇരുത്താന്‍ അധികൃതര്‍ തയ്യാറായില്ല.

അകത്തേക്ക് പ്രവേശിപ്പിക്കുന്ന ഗേറ്റ് കണ്ടെത്താന്‍ കഴിയാതെ പ്രയാസപ്പെട്ട കാര്യം ഇവര്‍ പറഞ്ഞെങ്കിലും ഒന്നര കഴിഞ്ഞ് എത്തുന്നവരെ പരീക്ഷയ്ക്ക് ഇരുത്താന്‍ പി.എസ്.സി.യുടെ നിയമം അനുവദിക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

എം.എം.വി.എച്ച്.എസ്.എസിലും വൈകിയെത്തിയ ഒരു ഉദ്യോഗാര്‍ഥിക്ക് പരീക്ഷ എഴുതാനായില്ല. സ്‌കൂള്‍ അധികൃതര്‍ ചെയ്തതില്‍ അപാകമില്ലെന്നും പി.എസ്.സി. നിര്‍ദേശമാണ് അവര്‍ പാലിച്ചതെന്നും പി.എസ്.സി. ജില്ലാ ഓഫീസര്‍ പറഞ്ഞു.

Content Highlights: Kerala PSC UPSA Exam, candidates couldn't enter exam hall because gate closed