തിരുവനന്തപുരം: 10-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഡിസംബറിൽ നടത്താനിരുന്ന പൊതുപ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി കേരള പബ്ലിക് സർവിസ് കമ്മീഷൻ അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെക്കുന്നത്.

മാറ്റിവെച്ച പൊതുപ്രാഥമിക പരീക്ഷ 2021 ഫെബ്രുവരിയിൽ നടത്തുമെന്ന് പി.എസ്.സി പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. പരീക്ഷയുടെ ഓരോ ഘട്ടത്തിലും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് പങ്കെടുക്കേണ്ടി വരുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ പൂർവ്വസ്ഥിതിയിലെത്തുന്നതിന് കാലതാമസം നേരിടുന്നതിനാലും ഓരോഘട്ട പരീക്ഷയ്ക്കും ഏകദേശം 2000 പരീക്ഷാകേന്ദ്രങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം സജ്ജീകരിക്കുന്നതിൽ പ്രയാസം നേരിടുന്നതിനാലുമാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നും പി.എസ്.സി വ്യക്തമാക്കി.

അതേസമയം യു.പി.എസ്.എ, എൽ.പി.എസ്.എ പരീക്ഷകൾ നവംബർ 7, 24 തീയതികളിൽ വിവിധ ജില്ലകളിൽ നടക്കും. പരീക്ഷാർഥികൾക്ക നിശ്ചിത സമയത്ത് കേന്ദ്രങ്ങളിലെത്താൻ കൂടുതൽ കാര്യക്ഷമമായി സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി യൂണിറ്റുകൾക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിട്ടുണ്ട്.

Content Highlights: Kerala PSC Postponed 10th Level Common Test