പ്ലസ്ടുതല തസ്തികകളുടെ മുഖ്യപരീക്ഷ 2022 ഫെബ്രുവരിയിൽ ഏഴ് ഘട്ടമായി നടത്തും. സിവിൽ എക്സൈസ് ഓഫീസർ ഫെബ്രുവരി ആറിനും സിവിൽ പോലീസ് ഓഫീസർ ഫെബ്രുവരി 12-നുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഫയർമാൻ ട്രെയിനിയുടെ പരീക്ഷ ഫെബ്രുവരി 13-നും ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഫെബ്രുവരി 18-നും കംപ്യൂട്ടർ അസിസ്റ്റന്റ് ടൈപ്പിസ്റ്റ് ഫെബ്രുവരി 19-നും നടത്തും. പി.എസ്.സി.യിലെ ഓഫീസ് സൂപ്രണ്ട് ഫെബ്രുവരി 23-നും ലീഗൽ മെട്രോളജിയിലെ ഇൻസ്പെക്ടിങ് അസിസ്റ്റന്റ് ഫെബ്രുവരി 26-നുമാണ് തീരുമാനിച്ചത്.90 മിനിറ്റാണ് പരീക്ഷാസമയമായി അനുവദിച്ചിട്ടുള്ളത്,
 
ഒ.എം.ആർ, മാതൃകയിൽ 100 ചോദ്യങ്ങളുണ്ടാകും.കഴിഞ്ഞ ഏപ്രിൽ 10, 18 തീയതികളിൽ നടത്തിയ പ്ലസ്ടുതല  പ്രാഥമിക പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപരീക്ഷയ്ക്കുള്ളവരെ തിരഞ്ഞെടുത്തത്.
അവരുടെ അർഹതാപട്ടിക പ്രസിദ്ധീകരിച്ചു തുടങ്ങി, അതിലുള്ളവർക്കെല്ലാം മുഖ്യപരീക്ഷയെഴുതാൻ സൗകര്യം നൽകും.ഇവർ പരീക്ഷയെഴുതുമെന്ന് മുൻകൂട്ടി ഉറപ്പ് നൽകേണ്ടതില്ല.
 
എക്സൈസ് പരീക്ഷയ്ക്കുള്ളവരുടെ അഡ്മിഷൻ ടിക്കറ്റ് 2022 ജനുവരി22 മുതൽ പ്രൊഫൈലിൽ ലഭ്യമാക്കും. പോലീസ്, ഫയർമാൻ പരീക്ഷകൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ജനുവരി 29 മുതലും ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെത് ഫെബ്രുവരി നാല് മുതലും ലഭിക്കും.
 
കംപ്യൂട്ടർഅസിസ്റ്റന്റ്/ടൈപ്പിസ്റ്റ് പരീക്ഷയുടെത് ഫെബ്രുവരി അഞ്ച് മുതലും ഓഫീസ് സൂപ്രണ്ടിന്റെത് ഫെബ്രുവരി ഒമ്പത് മുതലും ഇൻസ്പെക്ടിങ് അസിസ്റ്റന്റിന്റെത് ഫെബ്രുവരി 11 മുതലും വെബ്സൈറ്റിൽ ലഭ്യമാക്കും.
 
33 കാറ്റഗറികളിലായി 85 തസ്തികകൾക്കാണ് പ്രാഥമിക പരീക്ഷ നടത്തിയത്. ഓരോ തസ്തികയ്ക്കും പ്രത്യേകം അർഹതാപട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് മുഖ്യപരീക്ഷ.  യൂണിഫോം സേനകളിലേക്ക് കായികക്ഷമതാ പരീക്ഷ കൂടിയുണ്ട്.അത് വിജയിക്കുന്നവരെയാണ് റാങ്ക്പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഫയർമാൻ ട്രെയിനിക്ക് നീന്തൽ പരീക്ഷയും ജയിക്കണം.
 
Content Highlights: Kerala PSC Plus two mains Examination