തിരുവനന്തപുരം: കേരള ഹൈക്കോടതി പ്ലംബർ തസ്തികയിലേക്കും കേരള വാട്ടർ അതോറിറ്റി മീറ്റർ റീഡർ തിരഞ്ഞെടുപ്പിനായുള്ള പി.എസ്.സി പരീക്ഷയും ഒരേ ദിവസം. രണ്ട് തസ്തികകളിലേക്കും അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ ഏത് പരീക്ഷയെഴുതണമെന്ന ആശങ്കയിലാണ്. ഓഗസ്റ്റ് മൂന്നാം തീയതിയാണ് രണ്ട് തസ്തികകളിലേക്കും പരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.

എസ്.എസ്.എൽ.സിയും പ്ലംബർ ട്രേഡിൽ സർട്ടിഫിക്കറ്റുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ് ഇരുതസ്തികകളും. 2020 ഡിസംബറിലാണ് പ്ലംബർ തസ്തികയിലേക്ക് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എൽ.സിയും പ്ലംബർ ട്രേഡിൽ സർട്ടിഫിക്കറ്റും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമായിരുന്നു അപേക്ഷിക്കാനുള്ള യോഗ്യത. 450 രൂപ അപേക്ഷാഫീസ് നൽകി ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചത്.

143/2019 കാറ്റഗറി നമ്പറിലുള്ള കേരള വാട്ടർ അതോറിറ്റി മീറ്റർ റീഡർ തസ്തികയിലേക്ക് 2019 ഒക്ടോബറിലാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. 2021 മാർച്ച് 11 വരെയായിരുന്നു പരീക്ഷയെഴുതാൻ കൺഫർമേഷൻ നൽകേണ്ടിയിരുന്നത്. കൺഫർമേഷൻ നൽകിയ ശേഷമാണ് പരീക്ഷാത്തീയതി സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗാർഥികളറിഞ്ഞത്.

പരീക്ഷാത്തീയതിയിൽ ചെറിയ മാറ്റം വരുത്തി രണ്ട് പരീക്ഷയും എഴുതാനുള്ള അവസരമൊരുക്കണമെന്നാണ് ഉദ്യോഗാർഥികളുടെ അഭ്യർഥന. പ്ലംബർ തസ്തികയിലേക്കുള്ള അഡ്മിറ്റ് കാർഡ് ഹൈക്കോടതി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മീറ്റർ റീഡർ തസ്തികയിലേക്കുള്ള അഡ്മിറ്റ് കാർഡ് ജൂലായ് 19-ന് പ്രസിദ്ധീകരിക്കുമെന്നാണ് പി.എസ്.സി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. പി.എസ്.സിയിൽ നിന്ന് അനുകൂല പ്രതികരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ.

Content Highlights: Kerala PSC, Kerala Highcourt exams on the sameday, Job aspirants under pressure