തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ നിയമനത്തിന് ജൂലായ് പത്തിനുനടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷ പി.എസ്.സി. മാറ്റി. ഓഗസ്റ്റ് 17 ആണ് പുതുക്കിയ തീയതി. പുതിയ അഡ്മിഷന്‍ ടിക്കറ്റ് ഓഗസ്റ്റ് മൂന്നുമുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണായതിനാലാണ് പരീക്ഷ മാറ്റിയത്.

14 ജില്ലകളിലുമായി 50,000-ത്തോളംപേര്‍ എഴുതുന്ന വലിയ പരീക്ഷയാണിത്. ജൂലായില്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. രണ്ടരമാസത്തിനുശേഷം ജൂലായ് ഒന്നിനാണ് പരീക്ഷകള്‍ പി.എസ്.സി. പുനരാരംഭിക്കുന്നത്. അന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷ നടത്തും. ഡ്രൈവര്‍ പരീക്ഷ മാറ്റിയതോടെ 29 പരീക്ഷകള്‍ ജൂലായില്‍ നടത്തണം. സംഗീത കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഡാന്‍സ് (കേരളനടനം) റാങ്ക്പട്ടിക തയ്യാറാക്കാന്‍ അഭിമുഖം നടത്തുമെന്നും കമ്മീഷന്‍ തീരുമാനിച്ചു.

Content Highlights: Kerala PSC July exam postponed due to covid-19