സപ്ലൈകോയില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ വിജ്ഞാപനത്തിന് അപേക്ഷകരുടെ തള്ളിക്കയറ്റം. കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടിയിലേറെ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. 14 ജില്ലകളിലായി 8,84,692 പേര് അപേക്ഷിച്ചു. കഴിഞ്ഞ വിജ്ഞാപനത്തിന് 4,24,161 അപേക്ഷകളാണ് ലഭിച്ചത്. ഇത്തവണ ആറുലക്ഷമാണ് പ്രതീക്ഷിച്ചതെങ്കിലും രണ്ടേമുക്കാല്‍ ലക്ഷത്തോളം അധികം ലഭിച്ചു. പ്രാഥമിക പരീക്ഷ നടത്തി അപേക്ഷകരുടെ എണ്ണം ഒന്നോ രണ്ടോ ലക്ഷമാക്കി പരിമിതപ്പെടുത്തിയായിരിക്കും മുഖ്യപരീക്ഷ നടത്തുന്നത്.
പത്താം തരം പ്രാഥമിക പരീക്ഷയിലാണ് അസിസ്റ്റന്റ് സെയില്‍സ്മാനും ഉള്‍പ്പെടുന്നത്. പ്രാഥമികപരീക്ഷ 2021 ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ ഡിസംബറില് നടത്താനാണ് ആലോചിച്ചിരുന്നത്. അതിനാല് തിരക്കിട്ട് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയായിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രാഥമിക പരീക്ഷ മാറ്റിയത്. വ്യത്യസ്ത ഘട്ടങ്ങളായിട്ടായിരിക്കും ഇത് നടത്തുന്നത്. വിജയിക്കുന്നവര്‍ക്ക് സംസ്ഥാനതലത്തില്‍ ഏകീകൃതരീതിയില്‍ മുഖ്യപരീക്ഷയുണ്ട്. വിജ്ഞാപനം കഴിഞ്ഞ സെപ്റ്റംബര് 15നാണ് പ്രസിദ്ധീകരിച്ചത്. അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര് 21 ആയിരുന്നു. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് ഇപ്പോള്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയില്‍ നിലവിലുള്ള റാങ്ക്പട്ടികയില്‍ നിന്ന് രണ്ടായിരത്തോളം നിയമനശുപാര്‍ശയുണ്ടായി. പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളുടെ പട്ടിക മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി വരുന്ന ഡിസംബറിനകം റദ്ദാകും. ബാക്കിയുള്ള ജില്ലകളുടെത് 2021 ജൂണോടെ കാലാവധി തികയ്ക്കും.
അടുത്ത വര്‍ഷം അവസാനത്തോടെ പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. 14 ജില്ലകളിലായി കഴിഞ്ഞ റാങ്ക്പട്ടികയില്‍ 16,134 പേരെ ഉള്‍പ്പെടുത്തിയിരുന്നു. മുഖ്യവിഭാഗത്തില്‍ 5845 പേരും ഉപവിഭാഗത്തില്‍ 10,289 പേരുമുണ്ടായിരുന്നു.
(അപേക്ഷകരുടെ ജില്ല തിരിച്ചുള്ള കണക്ക് നവംബര്‍ ഏഴ് ലക്കം മാതൃഭൂമി തൊഴില്‍ വാര്‍ത്തയില്‍)
Content Highlights: Kerala PSC assistant salesman, number of applicants reached 8.85 lakh