തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എസ്.എസ്.എല്‍.സി തല പ്രാഥമിക പരീക്ഷ ഫെബ്രുവരി 20, 25, മാര്‍ച്ച് ആറ്്, 13 തീയതികളിലായി നാലുഘട്ടമായി നടത്താന്‍ പി.എസ്.സി. തീരുമാനിച്ചു. ആദ്യ മൂന്ന് ഘട്ടങ്ങളില്‍ അഞ്ചുലക്ഷം വീതം അപേക്ഷകര്‍ പരീക്ഷയെഴുതും. അവസാന ഘട്ടത്തില്‍ മൂന്നുലക്ഷം പേര്‍ക്കാണ് പരീക്ഷ നടത്തുന്നത്. പത്താം ക്ലാസ് വരെ യോഗ്യതയുള്ള 192 തസ്തികകള്‍ക്ക് അപേക്ഷിച്ച 18 ലക്ഷം പേര്‍ക്കാണ് പ്രാഥമികപരീക്ഷ നടത്തുന്നത്. ഇതില്‍ വിജയിക്കുന്നവര്‍ ഓരോ തസ്തികയ്ക്കുമായി പ്രത്യേകം നടത്തുന്ന മുഖ്യപരീക്ഷ എഴുതണം. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കും മുഖ്യപരീക്ഷ.

ഫെബ്രുവരി 10 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു തുടങ്ങാം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. പ്രാഥമികപരീക്ഷാ തീയതിയുടെ പ്രഖ്യാപനം വൈകുന്നത് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കിയിരുന്നു. ഇക്കാര്യം 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ചത്തെ കമ്മിഷന്‍ യോഗം ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തുകയായിരുന്നു.  പരീക്ഷാതീയതി, പരീക്ഷാകേന്ദ്രം തുടങ്ങിയ വിശദാംശങ്ങള്‍ അഡ്മിഷന്‍ ടിക്കറ്റിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍.

Content Highlights: Kerala PSC 10th level preliminary exam date declared