തിരുവനന്തപുരം: കേരള ഭരണ സർവീസ്(കെ.എ.എസ്.) ആദ്യ ചുരുക്കപ്പട്ടികയുടെ മുഖ്യവിഭാഗത്തിൽ 70 പേരെ ഉൾപ്പെടുത്താൻ പി.എസ്.സി. യോഗം തീരുമാനിച്ചു.

ആനുപാതികമായി സംവരണ വിഭാഗക്കാർക്ക് ഉപപട്ടികയുമുണ്ടാകും. അതനുസരിച്ച് 150-ഓളം പേരുടെ ചുരുക്കപ്പട്ടികയായിരിക്കും ഓരോ കാറ്റഗറിക്കും പ്രസിദ്ധീകരിക്കുന്നത്.

മൂന്ന് കാറ്റഗറികളിലേക്കാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. 35 വീതം ഒഴിവുകളാണ് ഓരോ കാറ്റഗറിയിലും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂല്യനിർണയം അവസാനഘട്ടത്തിലാണ്. മാർച്ച് 20-ഓടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഏപ്രിലിൽ അഭിമുഖം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആ മാസംതന്നെ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനും ആലോചിക്കുന്നുണ്ട്.

വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്(എൽ.ഡി.വി., എച്ച്.ഡി.വി.) ഉൾപ്പെടെ 46 തസ്തികകളിലേക്കു പുതിയ വിജ്ഞാപനം തയ്യാറാക്കാൻ യോഗം അനുമതി നൽകി. ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, കാംകോയിൽ ഇലക്ട്രീഷ്യൻ തസ്തികകളിൽ സാധ്യതാപ്പട്ടിക പ്രസിദ്ധീകരിക്കും.

Content Highlights: KAS shortlist to be published soon, Kerala PSC