ന്യൂഡൽഹി: സംവരണാടിസ്ഥാനത്തിൽ സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസസ് (കെ.എ.എസ്.) നിയമനത്തിൽ വീണ്ടും സംവരണം നൽകുന്നതിനെ ന്യായീകരിച്ച് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കെ.എ.എസിലേക്ക് സംവരണം നൽകുന്നത് സർക്കാരിന്റെ നയമാണെന്നും ഇതിനെതിരായ ഹർജികൾ തള്ളണമെന്നും സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടു.

കെ.എ.എസ്. തസ്തികകൾ തീർത്തും പുതിയതാണെന്നും അവയിലേക്കുള്ള നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. നേരത്തേ പി.എസ്.സി.യും (പബ്ലിക് സർവീസ് കമ്മിഷൻ) സുപ്രീംകോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

സംവരണാടിസ്ഥാനത്തിൽ സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക് കെ.എ.എസ്. നിയമനത്തിൽ വീണ്ടും സംവരണം നൽകുന്നത് ഇരട്ട സംവരണമാണെന്നുകാട്ടി സമസ്ത നായർ സമാജം ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സർക്കാർ ഉദ്യോഗസ്ഥരാണ് എന്ന ഒറ്റക്കാരണത്താൽ അവർക്ക് ഒ.ബി.സി. ഉൾപ്പെടെയുള്ള സമുദായങ്ങൾക്കുള്ള സംവരണം നിഷേധിക്കാനാവില്ലെന്ന് സർക്കാർ പറഞ്ഞു. കെ.എ.എസ്. നിയമനങ്ങൾ സ്ഥാനക്കയറ്റമോ സ്ഥലംമാറ്റമോ അല്ല, മറിച്ച് പുതിയ തിരഞ്ഞെടുക്കലാണ്. നയതീരുമാനത്തിന്റെ അടിസ്ഥാനത്തിലുണ്ടാക്കിയ പുതിയ സർവീസാണ് കെ.എ.എസ്. അതിലേക്ക് സംവരണം നിഷേധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കലാകും.

സർക്കാർ ഉദ്യോഗസ്ഥരും അല്ലാത്തവരും എഴുത്തുപരീക്ഷയും അഭിമുഖവും നേരിട്ട് യോഗ്യത തെളിയിക്കേണ്ടതുണ്ട്. നേരിട്ടുള്ള റിക്രൂട്ട്മെന്റായതിനാൽ കെ.എ.എസ്. സംവരണം ഭരണഘടനാപരമാണെന്ന് ഹൈക്കോടതി ഡിവിഷൻബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്.

ഇ.എം.എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്തെ ആദ്യ ഭരണപരിഷ്കാര കമ്മിഷനാണ് സംസ്ഥാന സിവിൽ സർവീസ് എന്ന ആശയം കൊണ്ടുവന്നത്. മൂന്നാം ഭരണപരിഷ്കാര കമ്മിഷൻ ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം മുന്നോട്ടുവെച്ചു.

കെ.എ.എസ്. സംവരണകാര്യത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയതായും സർക്കാർ വ്യക്തമാക്കി.

Content Highlights: KAS Kerala government supports double reservation, Supreme Court