ന്യൂഡല്‍ഹി: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്.) പരീക്ഷയെഴുതാന്‍ ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും അനുമതിനല്‍കിയ ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതിവിധിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിക്കൊണ്ട് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കെ.എ.എസ്. പരീക്ഷ എഴുതുന്നതില്‍നിന്ന് ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ജൂലായ് 14നാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഇത്തരത്തില്‍ അധ്യാപകരെ ഒഴിവാക്കാനായി സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇതിനെ അധ്യാപകര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ചോദ്യംചെയ്‌തെങ്കിലും വിധി എതിരായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണപരിചയമില്ലെന്ന കാരണത്താലാണ് ഇവരെ ഒഴിവാക്കുന്നതെന്നതായിരുന്നു സര്‍ക്കാര്‍ വാദം. ഗസറ്റഡ് റാങ്കില്ലാത്ത അധ്യാപകരെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഗസറ്റഡ് അധ്യാപകരെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത തീരുമാനം ഹൈക്കോടതി റദ്ദാക്കിയത്.

Content Highlights: KAS Examination: Supreme Court upholds Kerala High Court judgment, Kerala PSC