ചെന്നൈ: ഐ.ടി. രംഗത്ത് 2018-19-ല്‍ ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ 'നാസ്‌കോമി'ന്റെ പ്രസിഡന്റ് ദേബ്ജാനി ഘോഷ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച പ്രതീക്ഷിക്കുന്നില്ല. ഏകദേശം കഴിഞ്ഞ വര്‍ഷം റിക്രൂട്ട് ചെയ്ത അത്രയും തന്നെ ഈ വര്‍ഷവും റിക്രൂട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

പുതിയ തൊഴിലവസരങ്ങളില്‍ ഭൂരിഭാഗവും നിര്‍മിത ബുദ്ധി (എ.ഐ), ബിഗ് ഡേറ്റ അനലറ്റിക്സ് എന്നീ മേഖലകളില്‍ ആയിരിക്കും. ഈ മേഖലകളില്‍ 5.11 ലക്ഷം തൊഴിലവസരങ്ങളാണ് 2018-ലുള്ളത്. 2021 ഓടെ ഇത് 7.86 ലക്ഷം ആയി മാറും. എല്ലാ വ്യാവസായിക വിപ്ലവങ്ങളും തൊഴിലുകള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ തന്നെ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്ന് ദേബ്ജാനി ഘോഷ് വ്യക്തമാക്കി. 

ബിഗ് ഡേറ്റ അനലറ്റിക്സ്, നിര്‍മിത ബുദ്ധി (എ.ഐ), സൈബര്‍ സെക്യൂരിറ്റി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി.), സോഷ്യല്‍ ആന്‍ഡ് മീഡിയ, വെര്‍ച്വല്‍ റിയാലിറ്റി, ത്രീഡി പ്രിന്റിങ് എന്നീ മേഖലകളിലാകും ഭാവി സാധ്യതകള്‍.