ന്യൂഡൽഹി: 2020-ലെ ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയുടെ അഭിമുഖം മാറ്റിവെച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). ഏപ്രിൽ 20 മുതൽ 23 വരെയാണ് അഭിമുഖം നടത്താൻ നിശ്ചയിച്ചിരുന്നത്. പുതുക്കിയ പരീക്ഷാതീയതികൾ വൈകാതെ അറിയിക്കുമെന്നും യു.പി.എസ്.സി പ്രസ്താവനയിൽ അറിയിച്ചു.

162 ഉദ്യോഗാർഥികളാണ് ഐ.ഇ.എസ്, ഐ.എസ്.എസ് അഭിമുഖത്തിന് യോഗ്യത നേടിയിരുന്നത്. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് നിലവിലെ തീരുമാനം. ഇതുകൂടാതെ ഏപ്രിൽ 20 മുതൽ നടത്താനിരുന്ന എല്ലാ റിക്രൂട്ട്മെന്റ് നടപടികളും മാറ്റിവെക്കാനും ഇതോടൊപ്പം യു.പി.എസ്.സി തീരുമാനിച്ചു.

ജൂലൈ 16-നാണ് 2021-ലെ ഐ.ഇ.എസ്, ഐ.എസ്.എസ് പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. upsc.gov.in എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 27 വരെ ഇതിനായി അപേക്ഷിക്കാം. അപേക്ഷ പിൻവലിക്കാനുള്ള സംവിധാനവും യു.പി.എസ്.സി ഒരുക്കുന്നുണ്ട്.

Content Highlights: Indian Economic Service, Indian Statistical Service Exam 2020 Interview Postponed, UPSC