തിരുവനന്തപുരം: കോവിഡ് കാലത്തെ നവ സാധാരണത്വത്തെ ആസ്പദമാക്കി ഐ.സി.ടി അക്കാദമി ഓഫ് കേരള സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കോൺക്ലേവ് മാർച്ച് 15, 16 തീയതികളിൽ നടക്കും. വെർച്വലായി നടക്കുന്ന കോൺക്ലേവിന്റെ ഉദ്ഘാടനം സി.എസ്.ഐ.ആർ മുൻ ഡയറക്ടർ ജനറൽ ഡോ. ആർ.എ. മഷേൽക്കർ നിർവഹിക്കും. ഐ.സി.ടി അക്കാദമി ചെയർമാൻ ഡോ. ടോണി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ.എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ്, ട്രെയിൽ ഹെഡ് അക്കാദമി വൈസ് പ്രസിഡന്റ് വില്ല്യം സിം എന്നിവർ വിശിഷ്ടാതിഥികളാകും.

നൈപുണ്യം, സാങ്കേതിക വിദ്യ, എൻജിനീയറിംഗ് എന്നിവയെ ആസ്പദമാക്കിയുള്ള ചർച്ചകളാകും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേവിന്റെ മുഖ്യ ആകർഷണം. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 'നവ സാധാരണ കാലത്തെ ദുരന്തനിവാരണം' എന്ന വിഷയത്തിൽ യു.എൻ എൻവയോൺമെന്റ് പ്രോഗ്രാം ഓപ്പറേഷൻസ് മാനേജർ മുരളി തുമ്മാരുക്കുടി സംസാരിക്കും. രണ്ടാം ദിവസം, യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി.ഇ.ഒയും ചെയർമാനുമായ ഡോ.സോഹൻ റോയ് നയിക്കുന്ന പ്രത്യേക ചർച്ചയുമുണ്ടാകും. ഇതിന് പുറമേ പേപ്പർ അവതരണം, ടെക്കത്തലോൺ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഓൺലൈനായി നടക്കുന്ന കോൺക്ലേവിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 800-ൽപ്പരം വിദ്യാർഥികളും ഗവേഷകരും അധ്യാപകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

കോവിഡാനന്തര കാലഘട്ടത്തിലെ നവ സാധാരണത്വത്തെ അഭിമുഖീകരിച്ച് മുന്നോട്ട് നീങ്ങുന്നത് എങ്ങനെയെന്നത് ചർച്ച ചെയ്യാൻ വ്യവസായിക രംഗത്തെ പ്രഗൽഭരെ ഒരു കുടക്കീഴിലേക്ക് കൊണ്ടു വരികയാണ് കോൺക്ലേവിന്റെ ലക്ഷ്യമെന്ന് ഐ.സി.എസ്.ഇ.ടി 2021-ന്റെ കോൺഫറൻസ് ചെയർ, ഡോ. മനോജ് എ.എസ്. പറഞ്ഞു. കൂടാതെ ഈ കാലഘട്ടത്തിലെ സംരംഭകത്വം, ജോലി സാധ്യതകൾ, ജിവിതശൈലികൾ, ബിസിനസ്സ് രംഗം തുടങ്ങിയ വിഷയങ്ങളിലും വിദഗ്ധർ സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാർച്ച് 16-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ധനമന്ത്രി തോമസ് ഐസക്ക് മുഖ്യാതിഥിയായെത്തും. ഐ.സി.ടി.എ.കെ ബോർഡ് അംഗം ദിനേശ് തമ്പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ-ഡിസ്ക് ചെയർമാൻ ഡോ. കെ.എം. അബ്രഹാം, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ജി-ടെക്ക് സെക്രട്ടറി ബിനു ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും. സമാപന ചടങ്ങിൽ ടെക്കാത്ളോണിലും പേപ്പർ അവതരണത്തിലും മികച്ച പ്രകടനം പുറത്തെടുത്തവരെ പ്രഖ്യാപിക്കും. കോൺക്ലേവിൽ പങ്കെടുക്കുന്നതിനായി ചുവടെ കൊടുത്തിട്ടുള്ള ലിങ്കിൽ റെജിസ്റ്റർ ചെയ്യാവുന്നതാണ്. https://icset2021.nowvirtual.live/Register/.

Content Highlights: ICT Academy conducts 5th international conclave