ന്യൂഡൽഹി: ഡിസംബർ എട്ട്, 10, 12, 14 തീയതികളിൽ നടക്കാനിരിക്കുന്ന സി.എ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷയുടെ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ മാറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ). കേരളത്തിൽ തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മുൻപ് നിശ്ചയിച്ചിരുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ ഐ.സി.എ.ഐ മാറ്റം വരുത്തിയത്.
നവംബറിൽ പ്രസിദ്ധീകരിച്ച അഡ്മിറ്റ് കാർഡ് ഉപയോഗിച്ച് തന്നെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാം. മിക്ക വിദ്യാർഥികൾക്കും പരീക്ഷകൾ പുതിയ പരീക്ഷാകേന്ദ്രത്തിലാകും. എന്നാൽ ചിലർക്ക് പുതിയ കേന്ദ്രങ്ങൾക്ക് പുറമേ അഡ്മിറ്റ് കാർഡിലെ കേന്ദ്രത്തിലും പരീക്ഷയുണ്ടാകും.
ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഐ.സി.എ.ഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.icai.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഹൈദരാബാദ്, സെക്കന്തരാബാദ്, ലഖ്നൗ തുടങ്ങിയ സ്ഥലങ്ങളിലും തിരഞ്ഞെടുപ്പിനെത്തുടർന്ന് പരീക്ഷാകേന്ദ്രങ്ങൾ മാറ്റിയിരുന്നു.
Content Highlights: ICAI Changes November CA Foundation Exam Centres In Kerala