ന്യൂഡല്‍ഹി: കോഴ്‌സ് കഴിഞ്ഞയുടന്‍ ബിരുദധാരികള്‍ക്ക് തൊഴില്‍ പരിശീലനത്തിലേര്‍പ്പെടാന്‍ ശ്രേയസ് പദ്ധതിയുമായി കേന്ദ്ര മാനവവിഭശേഷി മന്ത്രാലയം. യുവ തലമുറയെ അവര്‍ പഠിച്ചിറങ്ങുന്ന കോഴ്‌സുമായി ബന്ധപ്പെട്ട തൊഴിലില്‍ വൈദഗ്ധ്യമുള്ളവരാക്കി മാറ്റുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശ്രേയസ് പദ്ധതി നടപ്പാക്കുന്നത്. 

സ്‌കീം ഫോര്‍ ഹയര്‍ എജുക്കേഷന്‍ യൂത്ത് ഇന്‍ അപ്രന്റൈസ്ഷിപ്പ് ആന്‍ഡ് സ്‌കില്‍സ് എന്നതിന്റെ ചുരുക്കമാണ് ശ്രേയസ്. വിദ്യാഭ്യാസത്തോടൊപ്പം തന്നെ നൈപുണ്യ വികസനം അനിവാര്യമാണെന്നും ഇതിലൂടെ യുവതീ യുവാക്കള്‍ക്ക് രാജ്യപുരോഗതിയുടെ ഭാഗമായിത്തീരാനാകുമെന്നും ഉദ്ഘാടന വേളയില്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.  

മാനവവിഭവശേഷി വകുപ്പിനു പുറമേ കേന്ദ്ര തൊഴില്‍ വകുപ്പിന്റേയും നൈപുണ്യവികസന വകുപ്പിന്റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. നോണ്‍-ടെക്‌നിക്കല്‍ കോഴ്‌സ് പഠിക്കുന്നവരാകും പ്രധാനമായും പദ്ധതിയുടെ ഭാഗമാകുക. 

അപ്രന്റൈസ്ഷിപ്പ് നല്‍കാന്‍ താത്പര്യമുള്ള വിദ്യാഭ്യാസ, വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് ശ്രേയസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം നല്‍കും. 2019 ഏപ്രില്‍-മെയ് മാസത്തോടെ തന്നെ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 40ലേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനോടകം പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

Content Highlights: HRD Ministry launches SHREYAS: Fresh graduates can now get quick apprenticeship opportunities