കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ ഒഴിവുകളുണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്ന് ആക്ഷേപം. ജൂനിയര്‍ തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് പട്ടികയില്‍ 1494 പേരാണുള്ളത്. 2019 ഒക്ടോബര്‍ 10ന് നിലവില്‍വന്ന പട്ടികയില്‍നിന്ന് ഇതുവരെ നിയമനം ലഭിച്ചത് 109 പേര്‍ക്കുമാത്രം.

36 ഒഴിവുകള്‍ നിലവിലുണ്ടെങ്കിലും നിയമനം നടത്താതിരിക്കുന്നുവെന്നാണ് ആക്ഷേപം. പട്ടികയുടെ കാലാവധി കഴിയാന്‍ പത്തുമാസംമാത്രം ബാക്കിനില്‍ക്കെ, നിയമനം വേഗത്തിലാക്കാനാവശ്യപ്പെട്ട് സമരത്തിലാണ് ഉദ്യോഗാര്‍ഥികള്‍. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും ഉള്ള ഒഴിവുകളില്‍ നിയമനം നടത്താതെയും തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം നടക്കുന്നുവെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. 2020ല്‍ 17ഉം 2021ല്‍ 19ഉം ഒഴിവുകളുണ്ടായിട്ടുണ്ടെന്നാണ് ഇവരുടെ അന്വേഷണത്തില്‍ വ്യക്തമായത്.

ജൂനിയര്‍ അധ്യാപകരെ സീനിയര്‍ തസ്തികയിലേക്ക് മാറ്റിനിയമിച്ചതുവഴിയുണ്ടായ ഒഴിവുകളില്‍ നിയമനം നടത്താതിരിക്കുന്നുവെന്നതാണ് പ്രശ്‌നം. ജൂനിയര്‍ അധ്യാപകതസ്തികയ്ക്കുള്ള പീരിയഡുകളുടെ എണ്ണം കൂട്ടിക്കൊണ്ട് 2017ല്‍ ഇറക്കിയ ഉത്തരവ് മാനദണ്ഡമാക്കി നിയമനങ്ങള്‍ കുറയ്ക്കാനാണ് നീക്കം. മൂന്നു പീരിയഡുണ്ടെങ്കില്‍ ജൂനിയര്‍ അധ്യാപകതസ്തിക സൃഷ്ടിക്കാമെന്ന വ്യവസ്ഥ മാറ്റി ഏഴു പീരിയഡുകള്‍ വേണമെന്നാക്കുന്നതാണ് മാറ്റം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആകെ 346 ജൂനിയര്‍ അധ്യാപകതസ്തികളാണ് ഇംഗ്ലീഷിനുള്ളത്. പുതിയ മാനദണ്ഡം നടപ്പാക്കുകയാണെങ്കില്‍ 286 തസ്തികകള്‍ ഇല്ലാതാവും.

2017ലെ ഉത്തരവിലെ വ്യവസ്ഥ അക്കൊല്ലംമുതല്‍ സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍ക്കുമാത്രം ബാധകമാക്കുന്നതിനു പകരം നേരത്തേയുള്ള തസ്തികകളിലുണ്ടാവുന്ന ഒഴിവുകള്‍ക്കും ബാധകമാക്കാനാണ് നീക്കമെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. എല്‍.പി., യു.പി., ഹൈസ്‌കൂള്‍ അധ്യാപകരുടെ കാര്യത്തില്‍ 2019 - 20ലെ തസ്തികകള്‍ 2020 -21ലും തുടരുവാനും അതനുസരിച്ച് നിയമനം നടത്താനും തീരുമാനിച്ചിരിക്കെയാണ് ഹയര്‍സെക്കന്‍ഡറിയോട് വിവേചനം. സര്‍ക്കാര്‍ സ്‌കൂളുകളിലെ തസ്തികകള്‍ക്കാണ് ഈ പ്രശ്‌നം. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിലവിലുള്ള തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി നിലനിര്‍ത്തി സംരക്ഷിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

2019 - 20ലെ സ്റ്റാഫ് ഫിക്‌സേഷന്‍ അടുത്ത രണ്ട് അധ്യയനവര്‍ഷങ്ങളിലും തുടരുമെന്ന വ്യവസ്ഥ ഗവ. ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് ജൂനിയര്‍ അധ്യാപക തസ്തികയ്ക്ക് ബാധകമാണോ എന്ന കാര്യത്തില്‍ ധനവകുപ്പിനോട് വ്യക്തത തേടിയിരിക്കുകയാണെന്നും അത് കിട്ടാത്തതിനാലാണ് നിയമനം വൈകുന്നതെന്നുമാണ് ഔദ്യോഗികവിശദീകരണം.

തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കമെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകണമെന്നാവശ്യപ്പെട്ട് അവര്‍ ധനമന്ത്രിയെ സമീപിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം തുടങ്ങിയത്.

Content Highlights: Objection Against PSC on Higher secondary English teacher Appoinment