വിദേശരാജ്യങ്ങളില്‍ ഉന്നതപഠനത്തിന് മലയാളികള്‍ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് യു.കെ. യു.കെ.യിലെ വിദ്യാഭ്യാസസാഹചര്യങ്ങള്‍ അറിയാന്‍ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരമൊരുക്കുകയാണ് സ്റ്റഡി യു.കെ. വെര്‍ച്വല്‍ ഫെയറിലൂടെ ബ്രിട്ടീഷ് കൗണ്‍സില്‍. ഇന്റര്‍നെറ്റ് സൗകര്യമുള്ള എവിടെയിരുന്നും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഡെസ്‌ക്ടോപ് വഴി പങ്കെടുക്കാം. സൗജന്യമായാണ് പ്രവേശനം. വിവരങ്ങള്‍ക്ക്: www.britishcouncil.in

പങ്കെടുക്കാം

ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് 1.30മുതല്‍ 6.30വരെയാണ് ഫെയര്‍ നടക്കുന്നത്. സ്റ്റുഡന്റ് വിസ ആന്‍ഡ് ഗ്രാജ്വേറ്റ് റൂട്ട്, യു.കെ. സര്‍വകലാശാലകള്‍, പഠനം, സ്‌കോളര്‍ഷിപ്പ്, താമസം എന്നിവയ്ക്കായി പ്രത്യേക സെഷന്‍ ഉണ്ട്. സര്‍വകലാശാല, കോളേജ് പ്രതിനിധികളുമായി സംസാരിക്കാം. കോഴ്സ്, യോഗ്യത, സ്‌കോളര്‍ഷിപ്പ്, അപേക്ഷാ നടപടിക്രമങ്ങള്‍, വിസ, യൂണിവേഴ്സിറ്റി സപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളറിയാം. പഠനത്തിനുശേഷമുള്ള ജോലിയവസരങ്ങള്‍ -വിസ, ഇമിഗ്രേഷന്‍ നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാം. ഒരു കോഴ്സിലേക്കും സ്ഥാപനത്തിലേക്കും മാത്രം അപേക്ഷിച്ചാല്‍ മതിയോ, എപ്പോള്‍ അപേക്ഷിക്കണം, അവസാനതീയതി, പഠനത്തോടൊപ്പം ജോലിചെയ്യാന്‍ കഴിയുമോ, അവിടെ പഠിക്കുന്നവരോ പഠിച്ചിറങ്ങിയവരുമായോ സംസാരിക്കാന്‍ അവസരമുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങള്‍  അധികൃതരോട് ചോദിക്കാം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വെര്‍ച്വല്‍ ഫെയറില്‍ പങ്കെടുക്കുന്നതിനുമുമ്പ് വിദേശപഠനത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കണം. എവിടെ പഠിക്കണം, എന്താണ് പഠിക്കേണ്ടത് എന്നതിനെക്കുറിച്ച് പദ്ധതി തയ്യാറാക്കണം. നിലവിലെ അക്കാദമിക് നിലവാരം എത്രത്തോളമുണ്ടെന്ന് വിലയിരുത്തണം. ഇതനുസരിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കാം. പഠനത്തിനാവശ്യമായ സാമ്പത്തികഭദ്രത എത്രത്തോളമുണ്ട്. വലിയ/ചെറിയ നഗരങ്ങളിലാണോ പഠിക്കാന്‍ പോകുന്നത് തുടങ്ങിയവ പരിശോധിക്കണം. ബ്രിട്ടീഷ്  കൗണ്‍സിലിന്റെ വെബ്സൈറ്റ് വഴി സ്ഥാപനങ്ങളെക്കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും അറിഞ്ഞിരിക്കണം. പഠിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തില്‍ ആ സ്ഥാപനം എത്രത്തോളം മികവുപുലര്‍ത്തുന്നുണ്ടെന്ന് അന്വേഷിക്കണം. താമസസൗകര്യം, ഫണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തണം. യു.കെ.യിലെ വിദ്യാര്‍ഥികള്‍, ജോലിചെയ്യുന്നവര്‍ എന്നിവരുമായി ആശയവിനിമയം നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തണം.

ഗവേഷണം

യു.കെ.യിലെ  പിഎച്ച്.ഡി. കാലയളവ് മൂന്നുമുതല്‍ നാലുവര്‍ഷം വരെയാണ്. അമേരിക്കപോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞസമയംകൊണ്ട് പിഎച്ച്.ഡി. പൂര്‍ത്തിയാക്കാം. ഗവേഷണത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങളുടെ ഒരു ഗ്രൂപ്പുണ്ട്. റസല്‍ ഗ്രൂപ്പ് (www.russellgroup.ac.uk/) എന്നാണ് അതിന്റെ പേര്. ഫെയറില്‍ പങ്കെടുക്കുന്ന 12 സര്‍വകലാശാലകള്‍ ഈ ഗ്രൂപ്പിലുണ്ട്. ഗവേഷണത്തിന് താത്പര്യമുള്ളവര്‍ ഈ പട്ടികയില്‍പ്പെടുന്ന സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുന്നത് നന്നാകും. മികച്ച കരിയറിനും നല്ലരീതിയിലുള്ള ഗവേഷണത്തിനും ഇതുസഹായിക്കും.

അംഗീകൃതസ്ഥാപനങ്ങള്‍
അംഗീകൃതസ്ഥാപനങ്ങളാണ് ഫെയറില്‍ പങ്കെടുക്കുന്നത്. ഇവരുടെ ആധികാരികതയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ പേടിക്കേണ്ടതില്ല.
-ബ്രിട്ടീഷ് കൗണ്‍സില്‍
 

മികവിന്റെ കേന്ദ്രങ്ങള്‍

ഡോ. ദീപക് പദ്മനാഭന്‍

"പി.ജി.ക്കും ഗവേഷണത്തിനുമാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ യു.കെ.യിലെത്തുന്നത്. ഇവിടത്തെ മാസ്റ്റേഴ്സിന്റെ ഘടന ഒരു വര്‍ഷമാണ്. തുടര്‍ന്ന്, മികവിന്റെയും വിസ ഉള്‍പ്പെടെ മറ്റു  നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തേക്ക് ജോലിചെയ്യാം. മികച്ച സര്‍വകലാശാലകളുടെ വലിയൊരു നിരതന്നെ യു.കെ.യിലുണ്ട്.ബി.ടെക്. പോലുള്ള നാലുവര്‍ഷത്തെ കോഴ്സില്‍ ഒരുവര്‍ഷം കമ്പനിയില്‍ അപ്രന്റിഷിപ്പായി ജോലിചെയ്യണം. ഇതിന് വിമര്‍ശനങ്ങളുണ്ടെങ്കിലും ബിരുദം ലഭിക്കുന്നതിനൊപ്പം ആ മേഖലയില്‍ കൂടുതല്‍ അറിവുനേടാന്‍ അവസരമുണ്ട്. ജോലിലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഒരുവര്‍ഷംകൂടി പ്രവൃത്തിപരിചയത്തിന് നീക്കിവെക്കുന്ന മാസ്റ്റേഴ്സ് കോഴ്സുകളുണ്ട്. അതിനുശേഷം രണ്ടുവര്‍ഷത്തേക്ക് ജോലിചെയ്യാം.വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഒട്ടേറെ ഏജന്‍സികളുണ്ട്. അവര്‍ നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണമായി മുഖവിലയ്‌ക്കെടുക്കാതെ വെബ്സൈറ്റുകള്‍ സ്വയംപരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തണം. സ്ഥാപനങ്ങളിലെ രാജ്യാന്തരവിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണം. വിദേശവിദ്യാര്‍ഥികളോട് സൗഹൃദമനോഭാവം പുലര്‍ത്തുന്ന രാജ്യമാണ് യു.കെ. അതിനാല്‍, എല്ലാ സര്‍വകലാശാലകളിലും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് സപ്പോര്‍ട്ട് സെന്ററുകളുണ്ടാകും. അവര്‍ക്ക് ഇ-മെയില്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും. കൂടാതെ, അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളുമായി ബന്ധപ്പെടാം."

(അസോസിയേറ്റ് പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് ക്യൂന്‍സ് യൂണിവേഴ്സിറ്റി, ബെല്‍ഫാസ്റ്റ്)

Content Highlights: higher education in U.K; Study U.K virtual fair