പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് 12 മാസത്തെ പരിശീലനം. തുടര്‍ന്ന്, എന്‍ട്രി ലെവല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തൊഴിലവസരം. ജോലിക്കൊപ്പം ഉന്നതപഠനത്തിന് അവസരം. എച്ച്.സി.എല്‍. ടെക്‌നോളജീസാണ് ടെക്ബീഏര്‍ളി കരിയര്‍ പ്രോഗ്രാമിലൂടെ ഈ അവസരമൊരുക്കുന്നത്.

യോഗ്യത

പ്ലസ്ടു തല കോഴ്‌സ് 2020-ലോ 2021-ലോ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു തല പ്രോഗ്രാമില്‍ മാത്തമാറ്റിക്‌സ്/ ബിസിനസ് മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിക്കണം. പ്ലസ് ടു പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കുള്ളവരെ അസോസിയേറ്റ്‌സ് മേഖലയില്‍ പരിഗണിക്കും. ഐ.ടി. സര്‍വീസസിലേക്കു പരിഗണിക്കപ്പെടാന്‍ ബോര്‍ഡിനനുസരിച്ച് പ്ലസ് ടു തലത്തില്‍ നിശ്ചിത മാര്‍ക്കുവേണം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് 85 ശതമാനം, സി.ബി.എസ്.ഇ. 80 ശതമാനം, ഐ.സി.എസ്.ഇ. 80 ശതമാനം, കേരള ബോര്‍ഡ് 75 ശതമാനം. പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്‌സ്/ബിസിനസ് മാത്തമാറ്റിക്‌സിന് 60 ശതമാനം മാര്‍ക്ക് നേടണം.

സ്‌റ്റൈപ്പന്‍ഡ്

ഇന്റേണ്‍ഷിപ്പ് കാലയളവില്‍ 10,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ എച്ച്.സി.എല്‍. ഫുള്‍ ടൈം ജോലി നല്‍കും. പ്രതിവര്‍ഷം 1,70,000 രൂപ മുതല്‍ 2,20,000 രൂപ വരെ വേതനം ലഭിക്കാം. ജോലിക്കൊപ്പം ബിറ്റ്‌സ് പിലാനിയില്‍/ശാസ്ത്ര യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠന അവസരവും ലഭിക്കും.

രജിസ്‌ട്രേഷന്‍

https://registrations.hcltechbee.com/ വഴി രജിസ്റ്റര്‍ ചെയ്യാം. സമയപരിധി പറഞ്ഞിട്ടില്ല. തുടര്‍ന്ന്, രണ്ടാം ഘട്ടത്തില്‍ എച്ച്.സി. എല്‍, കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സി.എ.ടി) ഉണ്ട്. മൂന്നാം ഘട്ടം അഭിമുഖം.

പരിശീലനം

പരിശീലനം നോയിഡ, ലഖ്‌നൗ, നാഗ്പുര്‍, ചെന്നൈ, ഹൈദരാബാദ്, മധുര, വിജയവാഡ കേന്ദ്രങ്ങളിലൊന്നില്‍ ആയിരിക്കും. ഈ കാലയളവില്‍ കുറഞ്ഞത് 90 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് പ്രോഗ്രാം ഫീ പൂര്‍ണമായും ഒഴിവാക്കും. 85 ശതമാനത്തിനും 90 ശതമാനത്തിനും ഇടയ്ക്ക് മാര്‍ക്ക് ലഭിച്ചാല്‍, 50 ശതമാനം ഫീ വെയ്‌വര്‍ ലഭിക്കും.

Content Highlights: HCL early career programs for students