ര്‍ക്കാര്‍ ജോലിയിലുള്ളവര്‍ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഓഫീസ് മേലധികാരിയുടെ എതിര്‍പ്പില്ലാ രേഖ (എന്‍.ഒ.സി.) വാങ്ങിക്കേണ്ടതില്ല. പി.എസ്.സി.യുടെ ഓണ്‍ലൈന്‍ അപേക്ഷയില്‍ നിലവിലെ ജോലി രേഖപ്പെടുത്തി അപേക്ഷ നല്‍കാം.

ചുരുക്കപ്പട്ടികയിലോ റാങ്ക്പട്ടികയിലോ ഉള്‍പ്പെടുന്നവരെ രേഖാപരിശോധനയ്ക്ക് ക്ഷണിക്കുമ്പോള്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി, 2019 ഡിസംബറില്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയ പരിഷ്‌കാരത്തിന്റെ ഉത്തരവ് നവംബര്‍ 30 മുതല്‍ പ്രാബല്യത്തിലായി. നിയമപരമായ തടസ്സങ്ങള്‍ നീക്കുന്നതിനാണ് കാലതാമസമുണ്ടായതെന്ന് ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പ് അറിയിച്ചു. നിയമസഭാ സമിതിയുടെയും പി.എസ്.സി.യുടെയും നിയമവകുപ്പിന്റെയും അനുമതിയോടെയാണ് ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് യോഗ്യതയുള്ളപക്ഷം പി.എസ്.സി.യുടെ നേരിട്ടുള്ള വിജ്ഞാപനങ്ങള്‍ക്ക് അപേക്ഷിക്കാം. തസ്തികമാറ്റത്തിന് പുറമെയാണിത്. എന്നാല്‍ അപേക്ഷിക്കുന്നതിന് മുമ്പ് ജീവനക്കാരന്‍ നിലവിലെ ഓഫീസ് മേധാവിയില്‍നിന്ന് എതിര്‍പ്പില്ലാരേഖ (ഫോം ഓഫ് റസീപ്റ്റ്) വാങ്ങണമെന്നായിരുന്നു വ്യവസ്ഥ. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് മുമ്പ് ഇത് വാങ്ങി സൂക്ഷിക്കണം. ഇതില്ലാത്തതിന്റെ പേരില്‍ പുതിയ ജോലി നഷ്ടപ്പെട്ടവരുണ്ട്. ഈ വ്യവസ്ഥ പുനഃപരിശോധിക്കണമെന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു.