തിരുവനന്തപുരം: സംസ്ഥാന ഫൊറൻസിക് ലാബിൽ ഡയറക്ടർ നിയമനം സ്ഥാനക്കയറ്റത്തിനു പകരം നേരിട്ടാക്കാൻ തീരുമാനം. ഇതിനായി പോലീസ് ആക്ടിലെ സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാനുള്ള കരട് തയ്യാറായി. സയന്റിഫിക് ഓഫീസർമാരായി നിയമിക്കാനുള്ള യോഗ്യതയിൽ പുതുതലമുറ ശാസ്ത്ര വിഷയങ്ങളെയും ഉൾപ്പെടുത്തും.

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലെ ബിരുദാനന്തര ബിരുദമായിരുന്നു ഫൊറൻസിക് ലാബുകളിലെ സാങ്കേതിക ഉദ്യോഗസ്ഥരുടെ യോഗ്യത. ഇവയ്ക്കൊപ്പം ബയോടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, സൈബർ ഫൊറൻസിക്, ഫൊറൻസിക് സയൻസ് വിഷയങ്ങളെയും ഉൾപ്പെടുത്തിയാണ് ഭേദഗതി കരട് തയ്യാറാക്കിയത്. പുതിയ രീതി നടപ്പാകുന്നതോടെ സർക്കാർ പറയുന്ന ഉയർന്ന യോഗ്യതയുള്ള ഉദ്യോഗസ്ഥന് നേരിട്ട് ഡയറക്ടർ നിയമനം നേടാം.

ഐ.പി.എസ്. ഉദ്യോഗസ്ഥനെ ഡയറക്ടർ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമം നടന്നപ്പോൾ, ഇത് ഭരണപരമായ തസ്തികയാണെന്ന് ഉയർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ഈ സ്ഥാനത്തേക്ക് വരുന്നത് പരിശോധനാ ഫലങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്യപ്പെട്ടേക്കുമെന്ന ആക്ഷേപവും ഉയർന്നു.

പുതിയ രീതിയിലുള്ള നിയമനം നടന്നാൽ പ്രവൃത്തി പരിചയമുള്ളവർക്ക് ഈ സ്ഥാനത്തേക്കുള്ള അവസരം ഇല്ലാതാകുമെന്ന ആശങ്കയും ഉയരുന്നു.

ഫിസിക്സ്, പോളിഗ്രാഫ് വിഷയങ്ങളിലെ സയന്റിഫിക് ഓഫീസർ നിയമനത്തിന് കുറഞ്ഞത് രണ്ടുവർഷം പോലീസിലും വിജിലൻസിലും ജോലി ചെയ്യുന്ന സമാന യോഗ്യയുള്ള മിനിസ്റ്റീരിയൽ ജീവനക്കാർക്ക് പത്ത് ശതമാനം സംവരണം നൽകാനും കരട് വിജ്ഞാപനത്തിൽ നിർദേശമുണ്ട്.

Content Highlights: Forensic director recruitment to be done directly