തൃശ്ശൂര്‍: സംസ്ഥാനത്ത് രജിസ്ട്രേഷന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ 373 വിദേശ എം.ബി.ബി.എസ്. ബിരുദധാരികള്‍ പ്രതിമാസം 10,000 രൂപ അടച്ച് കോവിഡ് ഡ്യൂട്ടിയില്‍ പ്രവേശിച്ചു. വിദേശത്തുനിന്ന് ജയിച്ച് രാജ്യത്തെ യോഗ്യതാ പരീക്ഷയും ജയിച്ചവരാണിവര്‍. കേരളത്തില്‍ ഒരു കൊല്ലത്തെ ഇന്റേണ്‍ഷിപ്പ് ചെയ്യണമെന്ന വ്യവസ്ഥ വച്ചതോടെയാണ് ഇവരുടെ രജിസ്ട്രേഷന്‍ നടപടികള്‍ നടക്കാതിരുന്നത്. ഈ പ്രശ്‌നത്തില്‍ ഹൈക്കോടതിയില്‍ കേസും വന്നതോടെ രജിസ്ട്രേഷന്‍ അനിശ്ചിതമായി നീളുകയായിരുന്നു.

ഇപ്പോള്‍ നല്‍കിയിരിക്കുന്നത് താത്കാലിക രജിസ്ട്രേഷനാണ്. കോവിഡ് ഡ്യൂട്ടി മാത്രമേ ചെയ്യാവൂ എന്നാണ് സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ രജിസ്ട്രേഷന് അധികാരമുള്ള ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ടി.സി.എം.സി.) ഉത്തരവിട്ടത്. കോവിഡ് ഡ്യൂട്ടിയെ ഇന്റേണ്‍ഷിപ്പിന്റെ ഒരു ഭാഗം മാത്രമായാണ് ടി.സി.എം.സി. കണക്കാക്കുന്നത്.

ഏപ്രില്‍ 27-ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശ എം.ബി.ബി.എസ്സുകാരുടെ രജിസ്ട്രേഷന്‍ ഉന്നയിക്കപ്പെട്ടിരുന്നു. അത് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അതേത്തുടര്‍ന്ന് മേയ് മൂന്നിന് ചേര്‍ന്ന ടി.സി.എം.സി. യോഗത്തിലാണ് നിലവിലുള്ള അപേക്ഷകരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള തീരുമാനം ഉണ്ടായത്.

അങ്ങനെയാണ് 373 പേര്‍ക്ക് കോവിഡ് ഡ്യൂട്ടി ചെയ്യാനുള്ള താത്കാലിക രജിസ്ട്രേഷന്‍ നല്‍കിയത്.

അംഗീകൃത മെഡിക്കല്‍ കോളേജുകളിലോ ജില്ല/ ജനറല്‍ ആശുപത്രികളിലോ ആണ് ഇവര്‍ക്ക് ഡ്യൂട്ടി നല്‍കിയിരിക്കുന്നത്. വിദേശത്തുനിന്ന് പഠിച്ച് ജയിച്ചുവന്നാലും കേരളത്തില്‍ രജിസ്ട്രേഷന്‍ കിട്ടണമെങ്കില്‍ ഇവിടെ ഒരു കൊല്ലം ഇന്റേണ്‍ഷിപ്പ് വേണമെന്ന ഉത്തരവ് 2018 ജനുവരി ഒന്നു മുതലാണ് നടപ്പാക്കിയത്. ഒരു വര്‍ഷം 1,20,000 രൂപ ഫീസും നിശ്ചയിച്ചിരുന്നു.

ആ ഫീസിനെ ഗഡുക്കളാക്കിയാണ് ഇപ്പോള്‍ പ്രതിമാസം 10,000 രൂപ എന്ന കണക്കില്‍ അടച്ച് കോവിഡ് ഡ്യൂട്ടിയില്‍ ഇവര്‍ പ്രവേശിച്ചിരിക്കുന്നത്.

ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഡ്യൂട്ടി പ്രകാരം സ്ഥിര രജിസ്ട്രേഷന്‍ കിട്ടാന്‍ അത്ര എളുപ്പമല്ല. ടി.സി.എം.സി. നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ച് ഇന്റേണ്‍ഷിപ്പ് എന്നാല്‍ 14 ചികിത്സാ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. എന്നാല്‍, കോവിഡ് ഡ്യൂട്ടി അല്ലാതെ മറ്റൊന്നും ചെയ്യരുതെന്ന നിര്‍ദേശമുള്ളതിനാല്‍ അത് യാഥാര്‍ഥ്യമാക്കാനുള്ള സാധ്യത തീരെ കുറവാണ്. കോവിഡ് ഡ്യൂട്ടിക്കു ശേഷം മറ്റെല്ലാ നടപടികളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്ഥിരം രജിസ്ട്രേഷന്‍ അനുവദിക്കൂ എന്നാണ് ടി.സി.എം.സി. പറയുന്നത്.

2018-നു മുമ്പ് മറ്റു സംസ്ഥാനങ്ങളിലെപ്പോലെ രാജ്യത്തെ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ കേരളത്തിലും സ്ഥിരം രജിസ്ട്രേഷന്‍ നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാനത്ത് നിപ്പ പടര്‍ന്നതിനെ തുടര്‍ന്നാണ് ഇവിടത്തെ ചികിത്സാ സംവിധാനം കൂടി പരിചയപ്പെടണമെന്ന കാഴ്ചപ്പാടില്‍ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരേ ഹൈക്കോടതിയില്‍ കേസ് നല്‍കിയെങ്കിലും സര്‍ക്കാരിനൊപ്പമായിരുന്നു കോടതി വിധി. വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്.

 നടപടികള്‍ പാലിച്ച് സ്ഥിരം രജിസ്ട്രേഷന്‍

ഇപ്പോള്‍ നല്‍കിയിരിക്കുന്നത് താത്കാലിക രജിസ്ട്രേഷനാണ്. കോവിഡ് ഡ്യൂട്ടിക്ക് മാത്രമാണത്. അതിനുശേഷം വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും സ്ഥിരം രജിസ്ട്രേഷന്‍ അനുവദിക്കുക.

-മുഹമ്മദ് ഹുസൈന്‍,രജിസ്ട്രാര്‍, ടി.സി.എം.സി.

Content Highlights:  Foreign MBBS students have entered Covid duty