ന്യൂഡൽഹി: കമ്പൈൻഡ് ഹയർ സെക്കന്ററി ലെവൽ (സി.എച്ച്.എസ്.എൽ) പരീക്ഷയിൽ സാങ്കൽപ്പിക പേരും മേൽവിലാസവും രേഖപ്പെടുത്തിയ ഉദ്യോഗാർത്ഥികളെ അയോഗ്യരാക്കി എസ്.എസ്.സി. സി.എച്ച്.എസ്.എല്ലിന്റെ ഭാഗമായുള്ള വിവരണാത്മക പരീക്ഷയിൽ കത്തെഴുതാനുള്ള ഭാഗത്ത് സാങ്കൽപ്പിക പേരും മേൽവിലാസവും രേഖപ്പെടുത്തിയവരെയാണ് അയോഗ്യരാക്കിയത്.

എസ്.എസ്.സി.യുടെ നിയമപ്രകാരം ഉത്തരക്കടലാസ്സിൽ യഥാർത്ഥമോ/സാങ്കൽപ്പികമോ ആയ പേരൊ മേൽവിലാസമോ രേഖപ്പെടുത്തുന്നത് അയോഗ്യതയ്‍ക്ക് കാരണമാകും. ഇത്തരത്തിൽ അയോഗ്യരാക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അടുത്തഘട്ട പരീക്ഷയെഴുതാൻ സാധിക്കില്ല. എന്നാൽ കഴിഞ്ഞ തവണ പുറത്തിറക്കിയ നിർദേശങ്ങളിൽ ഇതേക്കുറിച്ച് പരാമർശമില്ലെന്നും ഇത് പുതിയതായി കൂട്ടിച്ചേർന്ന നിർദേശമാണെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു.

ഉപന്യാസങ്ങളും കത്തുകളും അടങ്ങുന്ന 100 മാർക്കിന്റെ ചോദ്യങ്ങളാണ് വിവരണാത്മക പരീക്ഷയിൽ ചോദിക്കാറുള്ളത്. വിജയിക്കാൻ 33 മാർക്കാണാവശ്യം. ഇതിൽ വിജയിക്കുന്നവർക്കാണ് അവസാന ഘട്ടമായ സ്കിൽ ടെസ്റ്റിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കുക. അയോഗ്യരാക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ എഴുത്ത് പരീക്ഷയിൽ എത്ര മാർക്ക് കരസ്ഥമാക്കിയാലും അവസാനഫലത്തിൽ പൂജ്യം മാർക്കായെ കണക്കാക്കൂ. എന്നാൽ എസ്.എസ്.സിയുടെ നടപടിയിൽ ഉദ്യോഗാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാണ്.

Content Highlights: For using imaginary names and addresses in answer sheet SSC disqualifies CHSL candidates