കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പേരില്‍ വന്‍ തൊഴില്‍ത്തട്ടിപ്പിന് ശ്രമം. വിവിധ തസ്തികകളില്‍ 4103 ഒഴിവുകളുണ്ടെന്ന് കാണിച്ച് ജനുവരി 28ന് അസം ട്രിബ്യൂണിലും ജനുവരി 29ന് 'ദ ഹിന്ദു' പത്രത്തിലുമാണ് തട്ടിപ്പുകാര്‍ പരസ്യം നല്‍കിയത്. ഈ പരസ്യം വ്യാജമാണെന്ന് എഫ്.സി.ഐ. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. ഫെബ്രുവരി ആറിന് മലയാള പത്രങ്ങളിലുള്‍പ്പെടെ എഫ്.സി.ഐ. വ്യാജവിജ്ഞാപനത്തിനെതിരേ അറിയിപ്പും നല്‍കിയിട്ടുണ്ട്. ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങിയ തൊഴില്‍വാര്‍ത്തയില്‍ ഇതു സംബന്ധിച്ച് വിശദമായ വാര്‍ത്തയും നല്‍കിയിരുന്നു. 
 
എഫ്.സി.ഐ.യുടെ അറിയിപ്പ് വന്നിട്ടും വ്യാജ വെബ്‌സൈറ്റ് വഴി അപേക്ഷാസ്വീകരണം തുടരുകയാണ്. എഫ്.സി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റെന്ന് വിശ്വസിപ്പിക്കുന്ന രീതിയാലാണ് തട്ടിപ്പുകാര്‍ അപേക്ഷാസ്വീകരണത്തിന് വ്യാജ വെബ്‌സൈറ്റുണ്ടാക്കിയിരിക്കുന്നത്. തൊഴില്‍തട്ടിപ്പിനിരയാകരുതെന്ന അറിയിപ്പുപോലും വെബ്‌സൈറ്റിലൂടെ സ്‌ക്രോള്‍ ചെയ്യുന്നുണ്ട്. ഫുഡ് കോര്‍പ്പറേഷന്റെ ഔദ്യോഗികവെബ്‌സൈറ്റിനെ അതേപടി പകര്‍ത്തിയിരിക്കുകയാണ് വരുതന്മാര്‍. അപേക്ഷകരില്‍നിന്ന് 500 രൂപ ഫീസീടാക്കുകയും ചെയ്യുന്നുണ്ട്. 
 
എഫ്.സി.ഐ. വര്‍ഷാവര്‍ഷം റിക്രൂട്ട്‌മെന്റ് നടത്താറുള്ള കാറ്റഗറി III തസ്തികകളിലേക്കാണ് വ്യാജ വിജ്ഞാപനം വന്നത്. ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്), സ്റ്റെനോ, ഹിന്ദി അസിസ്റ്റന്റ്, ഹിന്ദി ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് (ജനറല്‍), അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളാണ് കാറ്റഗറി മൂന്നിലുള്ളത്. ഇതില് അസിസ്റ്റന്റ് (ജനറല്‍) തസ്തികയില്‍ ലക്ഷക്കണക്കിന് അപേക്ഷകള്‍ ലഭിക്കാറുണ്ട്. സാധാരണ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഈ തസ്തികകളിലേക്ക് എഫ്.സി.ഐ. അപേക്ഷ ക്ഷണിക്കാറുള്ളത്. എന്നാല്‍  ഈ വര്‍ഷത്തെ ഔദ്യോഗിക വിജ്ഞാപനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ തക്കം മുതലെടുത്താണ് 2020ലെ വിജ്ഞാപനം എന്നരീതിയില്‍ ഒറിജിനല്‍ വിജ്ഞാപനത്തെ വെല്ലുന്ന രീതിയില്‍ ഔദ്യോഗികമുദ്രകളോടെ വ്യാജപരസ്യം തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് സോണുകളിലായാണ് 4103 ഒഴിവുകള്‍ അവകാശപ്പെട്ടിരിക്കുന്നത്. ഇതില്‍ കേരളം ഉള്‍പ്പെടുന്ന സൗത്ത് സോണില് 540 ഒഴിവാണ് കാണിച്ചിരിക്കുന്നത്. 
 
www.fcinet.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണമെന്നാണ് പരസ്യത്തിലെ നിര്‍ദേശം. ഈ റിക്രൂട്ട്‌മെന്റിന് എഫ്.സി.ഐ. പ്രത്യേകമായി തയ്യാറാക്കിയ വെബ്‌സൈറ്റാണിതെന്നും വിജ്ഞാപനത്തിലുണ്ട്. എഫ്.സി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.fci.gov.in ആണ്. എന്നാല്‍ റിക്രൂട്ട്‌മെന്റ് അപേക്ഷ സ്വീകരിക്കാറ് www.recruitmentfci.in എന്ന വെബ്‌സൈറ്റ് വഴിയാണ്. ഈ വ്യത്യാസം മറയാക്കിയാണ് തട്ടിപ്പുകാര്‍ പുതിയ വെബ്‌സൈറ്റെന്ന പേരില്‍ വ്യാജ വെബ്‌സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 
 
food corporation of india fake job notification
വ്യാജ വെബ്‌സൈറ്റിന്റെ സ്‌ക്രീന്‍ഷോട്ട്
വ്യാജ പരസ്യം വന്നത് ജനുവരി 28, 29 തീയതികളിലാണെങ്കിലും ജനുവരി 17 മുതല്‍ തന്നെ അപേക്ഷാസ്വീകരണം തുടങ്ങിയിട്ടുണ്ട്. എത്രപേര്‍ ഇതിനകം അപേക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. അപേക്ഷാഫീസായി 500 രൂപ ഓണ്‍ലൈനായി അടയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനുള്ള ലിങ്കുകള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.  സംവരണവിഭാഗക്കാര്‍ക്കും വനിതകള്‍ക്കും എഫ്.സി.ഐ. അനുവദിക്കാറുള്ള ഫീസിളവ് തട്ടിപ്പുകാരും അനുവദിച്ചിട്ടുണ്ട്. മാത്രമല്ല ഒപ്പ്, ഫോട്ടോ, വിരലടയാളം, മൊബൈല്‍ നമ്പര്, വ്യക്തിവിവരങ്ങള്‍, ഇ-മെയില്‍ ഐ.ഡി. എന്നിവയെല്ലാം അപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്. ഫെബ്രുവരി 19 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതിയായി നല്‍കിയിരിക്കുന്നത്.
 
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കോള്‍ ഇന്ത്യയുടെ പേരില്‍ കഴിഞ്ഞവര്‍ഷം സമാനമായ രീതിയില്‍ തൊഴില്‍ത്തട്ടിപ്പ് നടന്നിരുന്നു. എന്നാല്‍ ഇതില്‍ കാര്യമായ അന്വേഷണം നടന്നില്ല. അന്ന് കോള്‍ ഇന്ത്യയുടെ കീഴില്‍ ഇല്ലാത്ത ഒരു കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പിന് ശ്രമിച്ചതെങ്കില്‍ ഇത്തവണ പൊതുമേഖലാസ്ഥാപനമായ എഫ്.സി.ഐയുടെ പേരില്‍ തന്നെയായി തട്ടിപ്പ്. ഒഴിവുകളുടെ എണ്ണം അവിശ്വസനീയമായി പെരുപ്പിക്കാതിരിക്കാനും ശ്രദ്ധിച്ചു.
 
thozhil
 
Content Highlights: Food Corporation of India recruitment, fake notification