കോഴിക്കോട്: സര്‍ക്കാര്‍ സര്‍വീസിലെ 89 വകുപ്പുകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസി (കെ.എ.എസ്.)ല്‍ അവസരം ലഭിക്കുമെന്ന് പബ്ലിക് സര്‍വീസ് കമ്മിഷന്‍ അറിയിച്ചു. പി.എസ്.സി.യുടെ അന്തിമവിജ്ഞാപന പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങളാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ നിലവിലുള്ള വകുപ്പുകളില്‍ ഏതിലാണോ സേവനം തുടരുന്നത് അവിടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കണം.

ജി.എസ്.ടി. വിഭാഗം ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗാര്‍ഥികള്‍ അന്തിമ വിജ്ഞാപന പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. നിലവിലെ ചട്ടപ്രകാരം കെ.എ.എസ്. സ്ട്രീം മൂന്നിലേക്ക് ഏതെങ്കിലും ഒരു കേഡറിലെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും പി.എസ്.സി. അറിയിച്ചു.

കെ.എ.എസ്. സ്ട്രീം മൂന്നിലേക്ക് അപേക്ഷിച്ച ഇത്തരക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്ന ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്നതോ ഉള്‍പ്പെടാത്തതോ ആയ ഏതെങ്കിലും വകുപ്പിലോ ഏതെങ്കിലും തസ്തികയിലോ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചാല്‍ മതിയാകും. പ്രൊബേഷന്‍ പൂര്‍ത്തിയാക്കാത്ത ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗ്യതാപട്ടികയില്‍ ഇടംനേടിയെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പി.എസ്.സി. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച കൂടുതല്‍ വ്യക്തതവരുത്തിയത്.

Content Highlights: Employees in 89 Departments will get appointment under KAS Kerala PSC