തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ പ്രായോഗികതകള്‍ പി.എസ്.സി. പരിശോധിക്കുന്നു. നിലവിലെ റാങ്ക്പട്ടികകള്‍ക്കാണോ ഇനി തയ്യാറാക്കുന്നവ മുതലാണോ സംവരണം തുടങ്ങേണ്ടത് എന്നതിലാണ് തീരുമാനമെടുക്കേണ്ടത്. നവംബര്‍ രണ്ടിന് ചേരുന്ന പി.എസ്.സി. യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

ഒക്ടോബര്‍ 23-ന് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാരവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അന്നുമുതല്‍ സംവരണത്തിന് പ്രാബല്യമുണ്ടെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും ഇത് വ്യക്തമാക്കി. വ്യവസ്ഥകള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ച 2020 ജനുവരി മൂന്നുമുതല്‍ മുന്‍കാല പ്രാബല്യം അനുവദിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. 

അത് നടപ്പാക്കണമെങ്കില്‍ നിയമനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവെക്കുകയും ഈവര്‍ഷം നടത്തിയ നിയമന നടപടികളെല്ലാം പുനഃക്രമീകരിക്കുകയും ചെയ്യേണ്ടി വരും. അത്തരം സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് വിജ്ഞാപനത്തില്‍ പ്രാബല്യത്തീയതി വ്യക്തമാക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 23 മുതല്‍ സാമ്പത്തികസംവരണം നടപ്പാക്കാനുള്ള വഴികളായിരിക്കും പി.എസ്.സി. ചര്‍ച്ചചെയ്യുന്നത്.

Content Highlights: Economically backward class reservation kerala psc to take decision on november, Upper caste reservation