തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിനുള്ള പി.എസ്.സിയുടെ ഉപപട്ടിക(സപ്ലിമെന്ററി ലിസ്റ്റ്)യില്‍ 164 മുന്നാക്ക സമുദായങ്ങളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തും. ഈ മാസം മൂന്നാം തീയതി പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്ന മുന്നാക്ക സമുദായങ്ങള്‍ക്കാണ് 10 ശതമാനം സാമ്പത്തിക സംവരണം ലഭിക്കുന്നത്.

സംസ്ഥാന സര്‍വീസില്‍ സാമ്പത്തികസംവരണം ഏര്‍പ്പെടുത്തുന്ന വിജ്ഞാപനം കഴിഞ്ഞ ഒക്ടോബര്‍ 23നാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. അതിനുശേഷമുള്ള തൊഴില്‍ വിജ്ഞാപനങ്ങള്‍ക്കാണ് പി.എസ്.സി. സാമ്പത്തിക സംവരണം അനുവദിക്കുന്നത്. അതനുസരിച്ചുള്ള ചുരുക്കപ്പട്ടികകളും റാങ്ക്പട്ടികകളും പി.എസ്.സി.യില്‍ തയ്യാറാകുന്നതേയുള്ളൂ. സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയ ആദ്യ പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ജൂലായിലോ ഓഗസ്റ്റിലോ ആദ്യത്തേത് പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യപട്ടികയും സമുദായ സംവരണത്തിനുള്ള ഉപപട്ടികയുമടങ്ങുന്നതാണ് പി.എസ്.സി.യുടെ നിയമനപ്പട്ടിക. ഇനിമുതല്‍ സാമ്പത്തിക സംവരണത്തിനുള്ള ഉപപട്ടിക കൂടി പ്രത്യേകം തയ്യാറാക്കും. സമുദായ സംവരണത്തിനുള്ളതുപോലെ സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളവരെയും മുഖ്യപട്ടികയില്‍ പ്രത്യേകം സൂചിപ്പിക്കും. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരുടെ മതിയായ എണ്ണം മുഖ്യപട്ടികയിലില്ലെങ്കില്‍ ഉപപട്ടികയില്‍നിന്ന് നിയമനക്രമം അനുസരിച്ച് തിരഞ്ഞെടുക്കും. 

ഉപപട്ടികയിലും മതിയായ എണ്ണം ഉദ്യോഗാര്‍ഥികളില്ലെങ്കില്‍ അവസരം മുഖ്യപട്ടികയില്‍ ഓപ്പണ്‍ ക്വാട്ടയിലുള്ളവര്‍ക്ക് നല്‍കും. മുന്നാക്ക സമുദായങ്ങള്‍ക്കുള്ള സാമ്പത്തികസംവരണ ഒഴിവുകള്‍ എന്‍.സി.എ (നോ കാന്‍ഡിഡേറ്റ് അവൈലബിള്‍) മാര്‍ഗത്തിലൂടെ നികത്തില്ല. സമുദായ സംവരണത്തിന് അര്‍ഹതയുള്ളവരില്ലാതെ വന്നാല്‍ ആ ഒഴിവ് മാറ്റിവെച്ച് ആ വിഭാഗക്കാര്‍ക്ക് മാത്രമായി ഒന്നിലേറെത്തവണ വിജ്ഞാപനം ക്ഷണിച്ച് നിയമനം നടത്തുന്നതാണ് എന്‍.സി.എ. രീതി.

പ്രൊഫൈലില്‍ അവകാശപ്പെടണം

പൊതുവിഭാഗത്തിന് നീക്കിവെച്ചിട്ടുള്ള 50 ശതമാനത്തില്‍നിന്നാണ് സാമ്പത്തിക സംവരണത്തിനുള്ള പത്ത് ശതമാനം ഒഴിവുകള്‍ മാറ്റുന്നത്. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മുന്നാക്ക വിഭാഗക്കാര്‍ക്കാണ് സാമ്പത്തികസംവരണത്തിന് അര്‍ഹത.

പി.എസ്.സിയുടെ ഒറ്റത്തവണ പ്രൊഫൈലില്‍ ഉദ്യോഗാര്‍ഥി സാമ്പത്തിക സംവരണത്തിനുള്ള അര്‍ഹത അവകാശപ്പെടണം. അങ്ങനെയുള്ളവരുടെ അപേക്ഷ മാത്രമേ സംവരണത്തിന് പരിഗണിക്കുകയുള്ളൂ.

Content Highlights: Economic Reservation: 164 Upper cast communities in the PSC sub-list